പീച്ചിഡാം ഉദ്യാനത്തിലേക്കുള്ള റോഡിന്റെ വശങ്ങൾ തകർന്നു; യാത്രക്കാർ അപകട ഭീഷണിയിൽ


പട്ടിക്കാട്. പീച്ചി ഡാം ഉദ്യാനത്തിലേക്കുള്ള റോഡിന്റെ വശങ്ങൾ തകർന്നതോടെ യാത്രക്കാർ അപകടഭീഷണിയിലായി. പീച്ചി ഫോറസ്റ്റ് സ്‌റ്റേഷൻ, കേരള വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ പ്ലാന്റ് മുതലായവ ഗവൺമെന്റ് സ്ഥാപനങ്ങളിലേക്കുള്ള റോഡാണിത്. കൂടാതെ പീച്ചി മായിലാട്ടുംപാറ പ്രദേശത്തേക്കുള്ള പ്രധാന റോഡുകൂടിയാണ്. റോഡിന്റെ വശങ്ങളിൽ 


മൂന്ന് അടിയോളം താഴ്ചയുള്ള കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.  കാനകൾ നിർമ്മിക്കാത്തതാണ് കുഴികൾ രൂപപ്പെടാൻ പ്രധാനകാരണം. മഴ ആരംഭിച്ചതോടെ റോഡിന്റെ വശങ്ങളിലെ മണ്ണ് കുത്തിയൊലിച്ചു പോകുകയായിരുന്നു. പീച്ചിഡാം ഉദ്യാനത്തിലേക്ക് ഇറങ്ങുന്ന വിനോദസഞ്ചാരികൾ തിരികെ വാഹനങ്ങളിൽ കയറി പോകുന്നതും ഈ വഴിയിലൂടെയാണ്. ടൂറിസ്റ്റ് ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ കൺമുന്നിൽ കണ്ടിട്ടും നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ലെന്ന് പ്രദേശത്തെ ഓട്ടോറിക്ഷ തൊഴിലാളികൾ പറഞ്ഞു. ഇരുചക്രവാഹന യാത്രക്കാർ പലരും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഡാമിന്റെ ഷട്ടർ ഉയർത്തുന്നതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഡാം സന്ദർശിക്കാൻ ഇവിടെ എത്തിച്ചേരുക. എത്രയും വേഗം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments