പട്ടിക്കാട്. പീച്ചി ഡാം ഉദ്യാനത്തിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിച്ച് നൽകാമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പ് നൽകിയതായി വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ പറഞ്ഞു. ഇന്ന് രാവിലെ പീച്ചി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എക്സ്ക്യൂട്ടിവ് എഞ്ചിനീയർ സജിത്ത് സ്ഥലം സന്ദർശിച്ച് ബന്ധപെട്ടവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റോഡിന് അരികിലൂടെ പുതിയതായി സ്ഥാപിച്ച വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്താണ് കനത്ത മഴയെ തുടർന്ന് കൂടുതൽ മണ്ണ് കുത്തിയൊലിച്ച് പോയിട്ടുള്ളത്. കനാൽ പാലം വരെയുള്ള ഭാഗം റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റിംഗ് നടത്തിയിരുന്നെങ്കിലും ഉദ്യാനം വരെയുള്ള ഭാഗം ഒഴിവാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരുന്നു. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തതോടെ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ സ്ഥലം സന്ദർശിച്ച് എത്രയും വേഗം പ്രശ്നം പരിഹരിക്കാം എന്ന് ഉറപ്പു നൽകുകയായിരുന്നു.


0 Comments