പട്ടിക്കാട്. ദേശീയപാതയിലെ മണ്ണുത്തിയിൽ സ്ഥാപിച്ചിട്ടുള്ള മേൽപ്പാലത്തിൽ നിന്നും വെള്ളം വലിയതോതിൽ സർവീസ് റോഡിലേക്ക് പതിക്കുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം. ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടികൾക്ക് ഒരുങ്ങി അധികൃതർ. നീലേശ്വരം പള്ളിക്കര റെയിൽവേ ഓവർ ബ്രിഡ്ജിൽ നിന്നും ഒഴുകുന്ന വെള്ളത്തിന്റെ ദൃശ്യങ്ങളാണ് എഡിറ്റ് ചെയ്ത് മണ്ണുത്തിലേതെന്ന നിലയിൽ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ഇതോടൊപ്പം ഒരു നവമാധ്യമ ചാനൽ ഈ ദൃശ്യം മണ്ണുത്തിയലേതെന്നു പറഞ്ഞു വാർത്ത നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് കരാർ കമ്പനിയും ദേശീയപാത അതോറിറ്റിയും നിയമ നടപടിക്ക് ഒരുങ്ങുന്നത്. മണ്ണുത്തി മേൽപ്പാലത്തിന് മുകളിൽ നിന്നും വെള്ളം ഒഴുകുന്നതിനായി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങളിലുള്ള പാലത്തിന്റെ സംരക്ഷണഭിത്തി മണ്ണുത്തിയിലേതിൽ നിന്നും വ്യത്യസ്ഥമാണെന്നും കരാർ കമ്പനി അധികൃതർ വ്യക്തമാക്കി.


0 Comments