സന്യാസി ശ്രേഷ്ഠൻ ഫാദർ ജോർജ്ജ് കണ്ണംപ്ലാക്കലിന് നാട്ടുകാരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി


പീച്ചി. ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമം ഡയറക്ടർ ഫാദർ ജോർജ് കണ്ണംപ്ലാക്കലിന് യാത്രയയപ്പ് നൽകി. 26 വർഷം മുൻപ് സ്ഥാപനത്തിന്റെ ചുമതലയേറ്റ അന്ന് മുതൽ ഇന്ന് വരെ സ്ഥാപനത്തിന്റെ മാത്രമല്ല നാടിന്റെയും ജനകീയ പ്രശ്‌നങ്ങളിൽ ചുക്കാൻ പിടിക്കാൻ അദ്ദേഹത്തിനായി. ഇന്ന് രാവിലെ ആശ്രമത്തിൽ നടന്ന ചടങ്ങിൽ നാട്ടുകാരും അഭ്യുദയകാംക്ഷികളും വികാര നിർഭരമായ യാത്രയയപ്പാണ് അച്ചന് നൽകിയത്. ചെന്നായ്പ്പാറയിലെ ദിവ്യ ഹൃദയാശ്രമം ഉൾപ്പെടെ സമാനമായ ഇരുപതോളം സ്ഥാപനങ്ങളുടെ ചുമതലയോടെ കാലടിയിലേക്ക് സ്ഥലം മാറി പോകുന്ന ഫാദർ ജോർജ് കണ്ണംപ്ലാക്കലിന് അഡ്വക്കേറ്റ് ഷാജി കോടങ്കണ്ടത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പും സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. ജന്മനാടിനെപ്പോലെ പാണഞ്ചേരിയുടെ ജനകീയ വിഷയങ്ങളിൽ ഫാ.ജോർജ്ജ് കണ്ണംപ്ലാക്കലിന്റെ ഇടപെടൽ പ്രശംസനീയമാണെന്നും മലയോര മേഖലയിൽ കുടിയേറിയവർക്ക് സ്വന്തമായി പട്ടയം എന്ന സ്വപ്‌ന സാക്ഷാത്കാരം ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങിൽ കഴിഞ്ഞ 26 വർഷം പ്രദേശത്തെ ജനങ്ങളിൽ ഒരുവനായി നിന്ന് പ്രവർത്തിക്കാൻ അച്ചന് സാധിച്ചു എന്നും ചാലക്കുടി എംഎൽഎ ടി.ജെ സനീഷ് കുമാർ പറഞ്ഞു.  പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രയയപ്പ് അറിഞ്ഞു ഏതാനും പരിപാടികൾ റദ്ദാക്കി മന്ത്രി കെ. രാജനും വേദിയിൽ എത്തി. ആറ് വർഷത്തിനിടെ അച്ചനുമായുള്ള ദൃഢവും ഗാഢവുമായുള്ള സൗഹൃദത്തിന്റെ  അനുഭവങ്ങൾ മന്ത്രി അയവിറക്കി. മന്ത്രി അച്ചനെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. തൃശൂർ ചേംബർ ഓഫ് കൊമേഴ്‌സ് ചെയർമാൻ പി.കെ. ജലീലും പൊന്നാടയണിയിച്ചു. അഡ്വക്കറ്റ് ഷാജി കോടങ്കണ്ടത്ത് ആമുഖപ്രഭാഷണം നടത്തി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ് സ്വാഗതവും ഷിബു പോൾ നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്തകൻ ജോർജ് പൊടിപാറ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി മുരളീധരൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം.കെ. ശിവരാമൻ, ടി.കെ ശ്രീനിവാസൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ്, ലീലാമ്മ തോമസ്, മിനി സാബു, മിനി റെജി, കെ.പി ചാക്കോച്ചൻ, അജിതാ മോഹൻദാസ്, ഷൈജു കുര്യൻ, ടി.എം ആരോഷ്, ഫാ. ജോഷി കണ്ണമ്പുഴ, മുൻ എഡിഎം കെ. ഗംഗാധരൻ, വിഷ്ണു രവീന്ദ്രൻ, പി.ജെ. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments