മാടക്കത്തറ. തൃശൂർ ഇ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മാടക്കത്തറ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. റവന്യൂ വകുപ്പിന് കീഴിലെ ജില്ലയിലെ എല്ലാ ഓഫീസുകളെയും ഇ ജില്ലയിലേയ്ക്ക് കൂട്ടിയോജിപ്പിക്കാനുളള ശ്രമം രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഫലം കാണുമെന്നും മന്ത്രി പറഞ്ഞു. ഈ സാമ്പത്തിക വർഷത്തിൽ മലയോര ആദിവാസി മേഖലകളിൽ പട്ടയത്തിന് അപേക്ഷ നൽകിയ മുഴുവൻ പേരുടെയും പട്ടയ അപേക്ഷകൾ പരിശോധിക്കുമെന്നും ആവശ്യമെങ്കിൽ വില്ലേജുകളിലൂടെ അദാലത്ത് നടത്തി പുതിയ അപേക്ഷകൾ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു. കോവിഡ് പ്രതിസന്ധിക്കിടയിലും 54535 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കാൻ സർക്കാരിനായി. സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും ബൃഹത്തായ പട്ടയമേളയ്ക്ക് നേതൃത്വം നൽകാൻ റവന്യൂ വകുപ്പിന് കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു. വില്ലേജ് ഓഫീസുകൾക്ക് ജനകീയ മുഖം നൽകാൻ കഴിയണമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ ചടങ്ങിൽ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾ അവർക്കിടയിൽ നിന്ന് കേട്ട് പരിഹരിക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പ്രസിഡന്റ് കെ ആർ രവി, മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, റവന്യൂ ഡിവിഷൻ ഓഫീസർ പി എ വിഭൂഷണൻ, തഹസിൽദാർ ടി ജയശ്രീ എന്നിവർ പങ്കെടുത്തു.


0 Comments