കണ്ണാറ. അംബേദ്കർ ഗ്രാമവികസന പദ്ധതിപ്രകാരം പാണഞ്ചേരി പഞ്ചായത്തിലെ കണ്ണാറയിലുള്ള ഉദയപുരം കോളനിയുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ സർക്കാർ അനുവദിച്ചതായി സംസ്ഥാന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു. കേരളത്തിലെ കോളനികളുടെ വികസനത്തിന് ഗവൺമെന്റ് തീരുമാനം എടുത്തപ്പോൾ അതിൽ ആദ്യം അനുവദിച്ച പത്തെണ്ണത്തിൽ ഒന്ന് ഉദയപുരം കോളനി ആയിരുന്നു എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന നിർമ്മിതി കേന്ദ്രമാണ് നിർവ്വഹണ ഏജൻസി. കണ്ണാറ മുതൽ കോളനി വരെയുള്ള റോഡിന്റെ അറ്റകുറ്റ പണികൾ ആണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. റോഡിന്റെ വശങ്ങളിൽ കാനകൾ നിർമ്മിച്ച് റീടാറിങ് നടത്തുകയും കോളനിയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യും. കൂടാതെ വീടുകളുടെ അറ്റകുറ്റ പണികൾ, കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിലൂടെ ഉദയപുരം കോളനിയിൽ നടപ്പാക്കുക. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതി. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, വാർഡ് മെമ്പർ രേഷ്മ സജീഷ്, വാർഡ് വികസന സമിതി അംഗങ്ങളായ കുര്യാക്കോസ്, എം ബാലകൃഷ്ണൻ, കെ.കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.

.jpeg)
0 Comments