തൃശ്ശൂർ. പാൽ ഒഴികെയുള്ള മിൽമ ഉൽപ്പന്നങ്ങൾക്ക് ഇന്നുമുതൽ വില കൂടും. പാക്കറ്റിൽ ഉള്ള തൈര്, മോര്, ലസി എന്നിവയ്ക്ക് പുതുതായി 5% ചരക്ക് സേവന നികുതി ഏർപ്പെടുത്തിയതോടെയാണ് വിലവർധന നിലവിൽ വന്നത്. മിൽമയുടെ അര ലിറ്റർ തൈരിന് മൂന്നു രൂപ മുതൽ അഞ്ചു രൂപ വരെയാണ് വർദ്ധിക്കുക. ഉൽപ്പന്നങ്ങളുടെ വിലവർദ്ധിപ്പിക്കാൻ മിൽമയുടെ പ്രോഗ്രാം കമ്മിറ്റി കഴിഞ്ഞ ആഴ്ച തീരുമാനമെടുത്തിരുന്നു.
അരലിറ്റർ സ്‌കീം മിൽക്ക് തൈരിന് 27 രൂപ ആയിരുന്നത് 30 രൂപ ആയും, 200 ഗ്രാം കപ്പ് തൈരിന് 28 രൂപ ആയിരുന്നത് 30 രൂപയായും 400 ഗ്രാം കപ്പിന് 54 രൂപ ആയിരുന്നത് 60 രൂപയായും വർദ്ധിക്കും. ഡബിൾ ടോൺഡ് മിൽക്ക് തൈര് 29 രൂപ ആയിരുന്നു 32 രൂപ ആയും, ടോൺഡ് മിൽക്ക് തൈര് 30 രൂപ ആയിരുന്നത് 35 രൂപ ആയും, കട്ടി മോര് 30 രൂപ ആയിരുന്നത് 33 രൂപ ആയും ഉയർത്തും. സംഭാരത്തിന്റെ അളവ് കുറച്ച് (180 എം എൽ) പത്തു രൂപയിൽ നിലനിർത്തും. ലസ്സിയുടെയും അളവ് കുറച്ച് (180 എം എൽ) 20 രൂപയിൽ നിലനിർത്തും.


0 Comments