പട്ടിക്കാട്. ഗിയർ ഇല്ലാത്ത സൈക്കിളിൽ അഖിലേന്ത്യാ പര്യടനം നടത്തി തിരിച്ചെത്തിയിരിക്കയാണ് പാലക്കാട് വടക്കുഞ്ചേരി വള്ളിയോട് സ്വദേശിയായ സുൾഫിക്കർ. 4000 കിലോമീറ്റർ 38 ദിവസം കൊണ്ടാണ് സഞ്ചരിച്ചത്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള (17982 അടി) ഗതാഗത പാതയായ ലഡാക്കിലെ ഖാർതുഗ്‌ള പാസ്സ് കീഴടക്കി. മെയ് 21ന്
തുടങ്ങിയ യാത്ര കാസർഗോഡ് വഴി കർണ്ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, പഞ്ചാബ്, ജമ്മു കാശ്മീർ വഴി ലഡാക്കിലെത്തി. ഗുജറാത്തിൽ വെച്ച് ഭക്ഷ്യവിഷബാധ ഉണ്ടായിയെങ്കിലും കൈയ്യിൽ കരുതിയ മരുന്ന് കഴിച്ച് രണ്ടു ദിവസം ആ നാട്ടുകാർ ഒരുക്കിയ വീട്ടിൽ വിശ്രമിച്ചു. തുടർന്ന് അസുഖം ഭേദമായ ശേഷമാണ് യാത്ര തുടർന്നത്. ഡൽഹിയിലും ഭക്ഷണം മൂലം ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായെങ്കിലും യാത്രയെ കാര്യമായി ബാധിച്ചില്ല. ലഡാക്കിൽ നിന്ന് 40 കിലോമീറ്റർ കുത്തനെയുള്ള കയറ്റം കയറി ജൂൺ 21 ന് ഖാർതുഗ്‌ള പാസ്സിലെത്തിയാണ് ലക്ഷ്യം നേടിയത്. ഒറ്റക്കായിരുന്നു യാത്ര. രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകളിലായിരുന്നു താൽക്കാലിക കൂടാരം ഉണ്ടാക്കി ഉറങ്ങിയിരുന്നത്. 160 കിലോമീറ്റർ വരെ ഒരു ദിവസം സഞ്ചരിച്ചായിരുന്നു യാത്ര. 20 കാരനായ സുൾഫിക്കർ വടക്കുഞ്ചേരി വള്ളിയോട് അഹമ്മദ് കബീർ സബീല ദമ്പതിമാരുടെ മകനാണ്. രണ്ട് അനിയന്മാരും സുൾഫിക്കറിനുണ്ട്. ചിലവുകുറഞ്ഞ രീതിയിലൂടെ സ്വപ്നയാത്ര പൂർത്തിയാക്കുകയാണ് വഴുക്കുമ്പാറ, ശ്രീ നാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ ട്രാവൽ ആന്റ് ടൂറിസം മാനേജ്‌മെന്റ് ബിരുദ അവസാന വർഷ വിദ്യാർത്ഥിയായ സുഫിക്കർ ലക്ഷ്യമിട്ടത്.



0 Comments