പട്ടിക്കാട്. പീച്ചിഡാം റോഡ് തകർന്ന് നിറയെ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സമീപ ദിവസങ്ങളിൽ നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് ഇവിടെ അപകടത്തിൽ പെട്ടത്. ഇതോടെ റോഡിലെ കുഴിയിൽ പുല്ല് നട്ട് നാട്ടുകാർ അപകടസൂചന നൽകി. പീച്ചിഡാം റോഡ് റീടാറിങ് നടത്തേണ്ട സമയം കഴിഞ്ഞിട്ടും റീടാറിങ് നടത്തുകയോ സമയാസമയങ്ങളിൽ വേണ്ട അറ്റകുറ്റ പണികൾ നടത്തുകയോ ചെയ്യാതിരുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. എന്നാൽ മഴക്കാലം ആരംഭിച്ചതോടെ റോഡിൽ ഉണ്ടായ വെള്ളക്കെട്ടാണ് റോഡിന്റെ തകർച്ചക്ക് പ്രധാന കാരണമെന്ന്
നാട്ടുകാർ പറഞ്ഞു. കോടികൾ മുടക്കി റോഡുകൾ പണിയുമ്പോഴും വശങ്ങളിൽ കാനകൾ നിർമ്മിച്ച് റോഡിനെ സുരക്ഷിതമാക്കാൻ അധികൃതർ തയ്യാറാകുന്നുല്ലെന്നും നാട്ടുകാർ ആരോപിച്ചു. സമയാസമയങ്ങളിൽ അറ്റകുറ്റപണികൾ നടത്താതിരുന്ന പീച്ചിഡാം റോഡിൽ 2021 ജൂണിൽ വലിയ കുഴികൾ ഷെൽമാക്ക് ഉപയോഗിച്ച് അടയ്ക്കുക മാത്രമാണ് ചെയ്തത്. എന്നാൽ അധികം വൈകാതെ കുഴികളെല്ലാം വീണ്ടും തുറന്നു. ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ പൊതുമരാമത്തു വകുപ്പ് താൽക്കാലിക കുഴിയടയ്ക്കൽ നടത്തിയെങ്കിലും അതൊന്നും ശാശ്വതപരിഹാരമായില്ല. നിലവിൽ പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ഭാഗം മലയോര ഹൈവേയുടെ റൂട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ റീടാറിങ് എന്ന സ്വപ്‌നം ഉടൻ നടക്കില്ലെന്ന കാര്യവും തീരുമാനമായി. മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താനിരിക്കെ റോഡിന്റെ റീടാറിങ് നടത്തുന്നതിന് കിഫ്ബി തയ്യാറാകില്ല എന്നാണ് അധികൃതർ പറയുന്നത്. എല്ലാവർഷവും ആഗസ്റ്റ് മാസത്തോടെ പീച്ചിഡാമിലേക്ക് നിരവധി വിനോദസഞ്ചാരികളാണ് എത്തിച്ചേരുക. എന്നാൽ റോഡിന്റെ അവസ്ഥ ഇതേ നിലയിൽ തുടർന്നാൽ പീച്ചിയിലേക്കുള്ള വിനോദയാത്ര ദുരന്തയാത്രയാകും എന്നതിൽ സംശയമില്ല.
.jpg)


0 Comments