പട്ടിക്കാട്. പന്നിയങ്കര ടോൾ പ്ലാസയിൽ പുതുക്കിയ ടോൾ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും. നിരക്ക് കുറച്ചതിനെതിരെ കരാർ കമ്പനി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് അനുകൂല ഉത്തരവ് നേടിയത്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ ഏർപ്പെടുത്തിയ നിരക്ക് പുനസ്ഥാപിക്കുകയാണ് ചെയ്യുന്നതെന്ന് കമ്പനി അധികൃതർ പറഞ്ഞു. പുതിയ നിരക്ക് നിലവിൽ വരുന്നതോടെ ടോൾ പ്ലാസ വഴിയുള്ള സ്വകാര്യ ബസ് സർവ്വീസ് പ്രതിസന്ധിയിലാകുമെന്ന് ബസ് ഉടമകൾ അറിയിച്ചു.
പന്നിയങ്കര ടോൾ പ്ലാസയിലെ പുതുക്കിയ ടോൾ നിരക്ക് ഇങ്ങനെ:
- ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (കാർ, ജീപ്പ്, വാൻ മുതലായവ) (100 രൂപ, 150 രൂപ, 3310 രൂപ.).
- ചെറുകിട ഭാരവാഹനങ്ങൾ (155 രൂപ, 230 രൂപ, 5115 രൂപ). ബസ്, ട്രക്ക് (2 ആക്‌സിൽ) (310 രൂപ, 465 രൂപ, 10355 രൂപ).
- ഹെവി കൺസ്ട്രക്ഷൻ മെഷിനറി, ജെസിബി മുതലായവ (3 മുതൽ 6 ആക്‌സിൽ വരെ) (475 രൂപ, 710 രൂപ, 15770 രൂപ).
- വലിയ ബഹുചക്രവാഹനങ്ങൾ (7 ന് മുകളിൽ ആക്‌സിൽ) (610 രൂപ, 915 രൂപ, 20370 രൂപ).
നേരത്തെ ടോൾ പിരിവിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ടോൾ കമ്പനി ബസ്സ് ഉടമകൾക്കെതിരെ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ അഡ്വ. കെ.ബി. ഗംഗേഷ് മുഖാന്തിരം കെപിസിസി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത്, ലോറി ഓണേഴ്‌സ് അസ്സോസിയേഷൻ എന്നിവർ കക്ഷി ചേർന്നു. ടോൾ നിരക്ക് കുറയ്ക്കാത്തതും പണി പൂർത്തിയാക്കാതെ ടോൾ പിരിവിന് അനുമതി നൽകിയതും കോടതി ചോദ്യം ചെയ്തു. പ്രസ്തുത ഹർജി തീർപ്പാക്കിയ കോടതി പുതുക്കിയ ടോൾ നിരക്ക് കുറച്ച് പഴയ നിരക്കിൽ മാത്രം ടോൾ പിരിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. അതിനെതിരെയാണ് കരാർ കമ്പനി ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയത്.


0 Comments