പട്ടിക്കാട്. കനത്ത മഴയെതുടർന്ന് കണ്ണാറ പതിനേഴാം വാർഡിൽ ഒറവുമാലിൽ സണ്ണിയുടെ വീടിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി ഇടിഞ്ഞു. ഇത് വീടിനും അപകടഭീഷണിയായി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് വീടിന് പുറകിലെ സംരക്ഷണ ഭിത്തി ഇടിഞ്ഞത്. കഴിഞ്ഞ എട്ട് വർഷമായി സണ്ണി ഇവിടെ താമസം തുടങ്ങിയിട്ട്. കരിങ്കൽ ഉപയോഗിച്ച് സമീപത്തെ കനാലിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി കെട്ടി ഉറപ്പിച്ചിരുന്നെങ്കിലും കനത്ത മഴയെതുടർന്ന് അത് ഇടിയുകയായിരുന്നു. വീടിന്റെ തറയോട് ചേർന്നുള്ള മണ്ണും ഇടിഞ്ഞു പോയിട്ടുണ്ട്. പായ്ക്കണ്ടത്ത് നിന്നും കണ്ണാറ വഴി മണലിപ്പുഴയിലേക്ക് പോകുന്ന കനാൽ സണ്ണിയുടെ വീടിന്റെ പുറകിലൂടെയാണ് കടന്ന് പോകുന്നത്. കനാലിലൂടെ വെള്ളം കൂടുതൽ ഒഴുകിയെത്തിയാൽ അത് വീടിന്റെ തകർച്ചക്ക് ഇടയാക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഇന്നലെ വൈകീട്ട് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.


0 Comments