പട്ടിക്കാട്. കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ വിലങ്ങന്നൂർ മനക്കപ്പാടത്ത് പരുത്തിപ്പിള്ളി രാജന്റെ വീട് പൂർണ്ണമായും തകർന്നുവീണു. ഭാര്യ രാജിയും അമ്മ കല്യാണിയും മൂന്നു പെൺമക്കളും ഒരു മകനുമാണ് വീട്ടിൽ താമസിക്കുന്നത്. ശനിയാഴ്ച രാവിലെ ഉണ്ടായ കനത്ത മഴയിൽ വീടിനുള്ളിൽ നിന്നും വലിയ ശബ്ദം കേട്ടതിനെ തുടർന്ന് 70 വയസ്സുള്ള കല്യാണിയും കൊച്ചുമകനും പെൺമക്കളും വീട്ടിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെ വീടിന്റെ ഓടുമേഞ്ഞ മേൽക്കൂര പൂർണ്ണമായും നിലം പൊത്തി. ചുമരുകൾ തകർന്ന നിലയിലാണ്. 14 വർഷം മുൻപ് ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭിച്ചതാണ് വീടും സ്ഥലവും. വാർഡ് മെമ്പർ ഷൈജു കുരിയൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വാർഡ് മെമ്പറുടെ നേതൃത്വത്തിൽ കുടുംബാംഗങ്ങൾക്ക് താൽക്കാലിക താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.


0 Comments