വിനോദസഞ്ചാര കേന്ദ്രമാകാൻ ഒരപ്പൻകെട്ട് ഒരുങ്ങുന്നു: അഞ്ച് കോടി അനുവദിച്ചതായി മന്ത്രി കെ രാജൻ


പട്ടിക്കാട്. തൃശൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഒരപ്പൻകെട്ട് ഔപചാരികമായി ഇനി അറിയപ്പെടുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. വികസന പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ നീക്കിവെക്കുന്നതായും അദ്ദേഹം പ്രഖ്യാപിച്ചു. ഒരപ്പൻകെട്ടിലെ വികസന സാധ്യതകൾ നേരിട്ട് വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം. ജില്ലയിലെ ഗ്രാമീണ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ ഒരപ്പൻകെട്ടിന്റെ പ്രകൃതി ഭംഗിയും ഗ്രാമീണതയും നിലനിർത്തികൊണ്ടുള്ള പദ്ധതിയാണ് നിലവിൽ രൂപകൽപ്പന ചെയ്തിട്ടുള്ളത്. തൂക്കുപാലം, നടപ്പാതയും കൈവരികളും, സെൽഫി സ്‌പോട്ട് 


തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായി നടപ്പിലാക്കും. എംഎൽഎമാർക്ക് നിർദ്ദേശിക്കാവുന്ന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഒരപ്പൻകെട്ടിന്റെ വികസനത്തിന് അഞ്ച് കോടി രൂപ നീക്കിവെച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒല്ലൂരിനെ ഒരു ടൂറിസം കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി ഒരപ്പൻകെട്ടിലെ വിനോദസഞ്ചാര മേഖയലയിലെ സാധ്യതകൾ ടൂറിസം വകുപ്പുമായി സംസാരിച്ച് ഡിപിആർ ഉണ്ടാക്കുകയും ബന്ധപ്പെട്ട അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുമെന്നും മന്ത്രി കെ രാജൻ അറിയിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, ടൂറിസം പ്രൊജക്ട് എൻജിനീയർ കെ വി വിദ്യ, ആർകിടെക്ടർ സി പി സുനിൽ, പഞ്ചായത്ത് അംഗങ്ങളായ രേഷ്മ സജീഷ്, സ്വപ്‌ന രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.


Post a Comment

0 Comments