കേരളത്തിലെ ഏറ്റവും വലിയ സ്ത്രീശക്തിയാണ് കുടുംബശ്രീ: മന്ത്രി കെ.രാജൻ


പട്ടിക്കാട്. കേരളത്തിലെ പുരുഷന്മാർക്ക് തുല്യമായി പ്രവർത്തിക്കാൻ കഴിയുന്ന ഏറ്റവും വലിയ സ്ത്രീശക്തിയാണ് കുടുംബശ്രീ എന്ന് മന്ത്രി കെ രാജൻ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ 25-ാം വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന അടയാളമായി കുടുംബശ്രീ മാറിക്കഴിഞ്ഞു എന്നും കേവലം സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഇടമായിട്ടല്ല മറിച്ച് അധികാരവികേന്ദ്രീകരണ പ്രക്രിയയിലെ ഏറ്റവും താഴെത്തട്ടിലുള്ള വികസന യൂണിറ്റാണ് കുടുംബശ്രീ അയൽകൂട്ടങ്ങൾ എന്നും മന്ത്രി പറഞ്ഞു. പട്ടിക്കാട് തേർമഠം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് മന്ത്രി കെ.രാജനും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്ററും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ലോകത്തിന് മുന്നിൽ തന്നെ കുടുംബശ്രീയുടെ പ്രവർത്തനങ്ങൾ അത്ഭുതാവഹവും അഭിനന്ദനാർഹവുമാണെന്ന് ഡേവിസ് മാസ്റ്റർ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃശൂർ എസ്.സി ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻ ചാർജ് നിർമ്മൽ മുഖ്യ പ്രഭാഷണം നടത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, വൈസ് പ്രസിഡന്റ് ഫ്രാൻസീന ഷാജു, പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ സുബൈദ അബൂബക്കർ എന്നിവർ വിവിധ മേഖലകളിൽ നട്ടം കൈവരിച്ചവരെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ ചെയർപേഴ്‌സൻ ഉഷ മോഹൻ, മെമ്പർ സെക്രട്ടറി സെറീന, പഞ്ചായത്ത് അംഗങ്ങളായ കെ.പി ചാക്കോച്ചൻ, ആരിഫ റാഫി, കുടുംബശ്രീ വൈസ് ചെയർപേഴ്‌സൻ മിനി ജോണി തുടങ്ങിയവർ സംസാരിച്ചു.



Post a Comment

0 Comments