പട്ടിക്കാട്. സിസ്റ്റമിക് ജുവനൈൽ ആർത്രൈറ്റിസ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആറു വയസ്സുകാരി സൂര്യ കൃഷ്ണയ്ക്ക് പട്ടിക്കാട് സെറാഫ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായഹസ്തം. ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ബിനോയ് മേക്കാട്ടിൽ 25,000 രൂപയുടെ ചെക്ക് സൂര്യ കൃഷ്ണയുടെ പിതാവ് ബാലകൃഷ്ണന് കൈമാറി. കിഴക്കഞ്ചേരി പാഴാർണി വീട്ടിൽ സൂര്യ കൃഷ്ണ ഒരു മാസത്തിലേറെയായി കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് അമൃത ആശുപത്രിയിലേക്ക് മാറ്റിയത്. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ബാലകൃഷ്ണൻ നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് മകളുടെ ചികിത്സാ ചെലവുകൾ നിർവഹിക്കുന്നത്. സെറാഫ്സ് ഡയറക്ടർ ബോർഡ് അംഗം ജോയ് പ്ലാമൂട്ടിൽ, സിറിൾ പടിക്കലാത്ത്, സോജൻ കുന്നുംപുറം എന്നിവരും ഒപ്പം ഉണ്ടായിരുന്നു.


0 Comments