പട്ടിക്കാട്. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസും ജില്ലയിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി നടത്തുന്ന ഓണം ഖാദി മേള പാണഞ്ചേരി പഞ്ചായത്തിൽ ആരംഭിച്ചു. സെപ്തംബർ 7 വരെയാണ് വിവിധ സ്ഥലങ്ങളിലായി മേളകൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ ആരംഭിച്ച ഉൽപന്നങ്ങളുടെ വിപണനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ മുഖ്യാതിഥി ആയിരുന്നു. ഖാദി ബോർഡിന്റെ വസ്ത്രങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ ആഴ്ചയിൽ ഒരു ദിവസമെങ്കിലും ധരിക്കണമെന്ന് സർക്കാർ നിർദ്ദേശം ഉള്ളതായി പ്രസിഡന്റ് പറഞ്ഞു. ഈ വ്യവസായത്തിന്റെ പുരോഗതിക്കും നിലനിൽപ്പിനും എല്ലാവരുടെയും പൂർണ്ണ പിന്തുണ ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു. ഖാദി ഉൽപനങ്ങൾക്ക് 30 ശതമാനം വരെ ഗവ.റിബേറ്റ് ഉള്ളതായി സംഘാടകർ അറിയിച്ചു. നാളെ പീച്ചി കെഎഫ്ആർഐ ലും മേള സംഘടിപ്പിക്കും. മറ്റു ദിവസങ്ങളിൽ പീച്ചിയിലും ചിറക്കാക്കോട് യൂണിറ്റിലും മറ്റ് ഖാദി യൂണിറ്റുകളിലും ഈ ആനുകൂല്യം ലഭ്യമാണെന്ന് പീച്ചി യൂണിറ്റിലെ വീവിങ് ഇൻട്രക്ടറും മേളയുടെ ഇൻചാർജുമായ എ.ജി ഷൈനി പറഞ്ഞു. മേളയോടനുബന്ധിച്ച് സർക്കാർ ജീവനക്കാർക്കും, അധ്യാപകർക്കും, ബാങ്ക്-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഒരു ലക്ഷം രൂപയ്ക്കുള്ള ഖാദി ഉൽപന്നങ്ങൾ വായ്പാ വ്യവസ്ഥയിൽ ലഭിക്കുന്നതാണ്. ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയം പ്രൊജക്ട് ഓഫീസർ എസ്. സജീവ്, കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ് എന്നിവർ നേതൃത്വം നൽകും.


0 Comments