പട്ടിക്കാട്. ദേശീയപാത ചുവന്നമണ്ണ് പത്താംകല്ലിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ 9 വയസ്സുകാരൻ മരിച്ചു. കണ്ണാറ പുത്തൻവീട്ടിൽ അനീഷിന്റെയും കുഞ്ഞുദേവിയുടെയും മകൻ അനഞ്ജയ് കൃഷ്ണ (9) ആണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണാറ അപ്പർ പ്രൈമറി സ്‌കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി: അനഞ്ജിക കൃഷ്ണ. കുട്ടിയുടെ പിതാവ് അനീഷിന്റെ സഹോദരൻ ഷിനു (32) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ (ആഗസ്റ്റ് 13) ഉച്ചക്ക് 12.15നാണ് അപകടം സംഭവിച്ചത്. പത്താംകല്ലിൽ ബിവറേജസ് ഷോപ്പിന് മുന്നിൽ പെട്ടെന്ന് നിർത്താൻ ശ്രമിച്ച ലോറിക്ക് പുറകിൽ ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ ഇടിച്ചാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്തേക്കുള്ള പാതയിലൂടെ പോവുകയായിരുന്നു ഇവർ. പത്താംകല്ലിൽ ബിവറേജസ് ഷോപ്പിന് സമീപം ദേശീയപാതയിലെ അനധികൃത പാർക്കിങിന് എതിരെ നിരവധി പരാതികൾ ഉയർന്നു വന്നിട്ടുള്ളതാണ്. മദ്യം വാങ്ങാൻ എത്തുന്നവർ ദേശീയപാതയിൽ തന്നെയാണ് വാഹനം നിർത്തിയിടുന്നത്. മുൻപും നിരവധി അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. എന്നാൽ ഇതിനൊരു ശാശ്വത പരിഹാരം കാണാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

0 Comments