പട്ടിക്കാട്. പൂവൻചിറ പോസ്റ്റ് ഓഫീസ് വടക്കേമൂല റോഡിന്റെ വശം കാനയിലേയ്ക്ക് ഇടിഞ്ഞ് വീണു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്നാണ് റോഡിന്റെ വശം ഇടിഞ്ഞത്. കാനയോട് ചേർന്ന് വർഷങ്ങൾക്ക് മുൻപ് നിർമ്മിച്ച കരിങ്കൽഭിത്തി ശക്തമായ വെള്ളപ്പാച്ചിലിൽ തകർന്നുവീഴുകയായിരുന്നു. വെള്ളാനി മലയിൽ നിന്നും വരുന്ന മലവെള്ളം ഈ റോഡിനോട് ചേർന്നുള്ള കാനയിലൂടെയാണ് ഒഴുകുന്നത്. കഴിഞ്ഞ ആഴ്ചയിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് റോഡിന്റെ ഒരു ഭാഗം വിണ്ടുകീറിയിരുന്നു. തുടർന്ന് സംരക്ഷണഭിത്തി ഇടിഞ്ഞു കാനയിലേക്ക് പതിക്കുകയും ചെയ്തു. നിലവിൽ 10 മീറ്റർ നീളത്തിലാണ് മതിൽ ഇടിഞ്ഞതെങ്കിലും 50 മീറ്റർ നീളത്തോളം സംരക്ഷണഭിത്തി ഇനിയും അപകടത്തിലാണ്. സ്‌കൂൾ വാനുകൾ അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ കാലഘട്ടത്തിലാണ് റോഡിന്റെ ടാറിങ് പൂർത്തിയായത്. അപകടഭീഷണി നിലനിൽക്കുന്ന പ്രദേശത്തുകൂടിയുള്ള ഗതാഗതം ആശങ്ക ഉളവാക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു. വാർഡ് മെമ്പർ പി.എ ദീപു സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. റോഡിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും ഇതുവരെ ആയിട്ടില്ല.

.jpeg)
0 Comments