പോഷക ബാല്യം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പയ്യനത്ത് നടന്നു


പട്ടിക്കാട്. അംഗനവാടി കുട്ടികൾക്കുള്ള പോഷക ബാല്യം പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം പയ്യനം 53-ാം നമ്പർ അംഗനവാടിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സമ്പൂർണ്ണ ആരോഗ്യത്തോടുകൂടിയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കണമെന്ന തീരുമാനത്തോടെ മുന്നോട്ടുപോകുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ ആർ രവി പറഞ്ഞു. അറിവിനൊപ്പം ആരോഗ്യവും ഉറപ്പാക്കുക, കുട്ടിക്കുരുന്നുകൾക്ക് ഇരട്ടിക്കരുത്ത് എന്ന ആപ്തവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് 61 കോടി രൂപ മാറ്റിവെച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ ഇത്തരം പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 157 അംഗനവാടികളിലെ 1500 ഓളം കുട്ടികൾക്ക് പാലും മുട്ടയും പദ്ധതി പ്രകാരം ലഭിക്കും. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫ്രാൻസിന ഷാജു, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, ഐ സി ഡി എസ് സൂപ്പർവൈസർ നിത, പഞ്ചായത്തംഗങ്ങളായ ബീന പൗലോസ്,അനീഷ് മേക്കര, കുര്യൻ, ആശാരിക്കാട് ബാങ്ക് പ്രസിഡൻറ് കെ എൻ ഗോപാലൻ എന്നിവർ  പങ്കെടുത്ത് സംസാരിച്ചു. പദ്ധതിയുടെ ചുമതലയുള്ള സി.ഡി.പി.ഒ ഷീബ എൽ നാൽപ്പാട്ട് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് അംഗവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനുമായ കെ വി അനിത പരിപാടിക്ക് നേതൃത്വം നൽകി.



Post a Comment

0 Comments