തൃശൂർ. ദേഹത്ത് തിന്നർ ഒഴിച്ച് കത്തിച്ച് അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിനതടവും1 ലക്ഷം രൂപ പിഴ ശിക്ഷയും. തൃശൂർ മുല്ലശേരി മാനിന സ്വദേശി വാഴപ്പിള്ളി അപ്പൂട്ടി മകൻ ഉണ്ണികൃഷ്ണൻ (64) ആണ് കേസിൽ ശിക്ഷിക്കപ്പെട്ടത്. അഡീഷണൽ ഡിസ്ട്രിക്ട് സെഷൻ ജഡ്ജ് പി.എൻ വിനോദ് ആണ് പ്രതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷ വിധിച്ചത്. 2020 മാർച്ച് 11ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാവിലെ എട്ടു മണിയോടെ പ്രതി താമസിക്കുന്ന മുല്ലശ്ശേരി മാനിനയിൽ ഉള്ള വീടിനു മുൻവശത്തെ റോഡിൽ വെച്ച് ഇയാൾ അമ്മയെ കൊല്ലണമെന്നുള്ള ഉദ്ദേശത്തോടെ കൈയിൽ കരുതിയിരുന്ന തിന്നർ അമ്മയുടെ ശരീരത്ത് ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിച്ച്
കൊലപ്പെടുത്തുകയായിരുന്നു. പ്രതി മുമ്പും അമ്മയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വായിൽ ടോർച്ച് കുത്തി കയറ്റിയ കേസും ഉണ്ടായിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയതിനുശേഷമാണ് കൊലപാതകം നടത്തിയത്. മറ്റൊരു ജാതിയിൽ പെട്ടയാളെ വിവാഹം ചെയ്ത സഹോദരിയുടെ അടുത്തേക്ക് അമ്മ പോകുന്നതിനെ തുടർന്നുള്ള വൈരാഗ്യം വെച്ച് ആണ് അമ്മയെ കൊലപ്പെടുത്തിയത്. ബന്ധുക്കൾ പാവറട്ടി പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാന്ന് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവൺമെൻറ് പ്ലീഡർ അഡ്വ കെ.ബി സുനിൽകുമാർ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജി മധു എന്നിവർ ഹാജരായി. പാവറട്ടി പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന എ ഫൈസൽ ആണ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു ആദ്യ അന്വേഷണം നടത്തിയത്. തുടർന്ന് പാവറട്ടി പോലീസ് സ്‌റ്റേഷൻ ഇൻസ്‌പെക്ടർ ആയ എം കെ രമേഷ് പ്രതിക്കെതിരെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സബ് ഇൻസ്‌പെക്ടർ പി.കെ. സുരേഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സാജൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.



0 Comments