പട്ടിക്കാട്. തകരാറിലായ മോട്ടോർ നന്നാക്കുന്നതിൽ പഞ്ചായത്ത് അധികൃതർ അലംഭാവം കാണിക്കുന്നത് മൂലം വെള്ളം കിട്ടാതെ തങ്ങൾ ദുരിതത്തിലായെന്ന് പട്ടിക്കാട് സെന്ററിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരികൾ പറഞ്ഞു. മോട്ടോറിന്റെ തകരാർ പരിഹരിച്ച് ജലവിതരണം പുനരാരംഭിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ഇവർ പരാതി നൽകി. വെള്ളമില്ലാത്തതുകൊണ്ട് പൊതുജനങ്ങൾ ഉപയോഗിക്കുന്ന കംഫർട്ട് സ്‌റ്റേഷന്റെ പ്രവർത്തനവും നിലച്ചു. പഴയ കംഫർട്ട് സ്‌റ്റേഷനോട് ചേർന്നുള്ള കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങളുടെ വെള്ളത്തിന്റെ ആവശ്യങ്ങൾ
നിർവഹിച്ചിരുന്നത്. എന്നാൽ ഏതാനും ദിവസം മുമ്പ് മോട്ടോർ തകരാറിലായതിനെ തുടർന്ന് ജലവിതരണം നിലച്ചു. തകരാർ പരിഹരിച്ച് വെള്ളം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ മുഖേന പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു. ഇതേ തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയായിരുന്നു. ഇതിനിടെ വൈദ്യുതി കണക്ഷന്റെ ഫ്യൂസ് കെഎസ്ഇബി അധികൃതർ ഊരി മാറ്റിയതായും വ്യാപാരികൾ പറഞ്ഞു. എന്നാൽ ഷോപ്പിംഗ് കോംപ്ലക്‌സിലെ ചില വ്യാപാരികൾ വാടകയിനത്തിൽ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അത് തീർക്കാതെ മോട്ടോറിന്റെ തകരാർ പരിഹരിക്കാൻ കഴിയില്ലെന്നുമുള്ള മറുപടിയാണ് അധികൃതർ നൽകിയതെന്നാണ് വ്യാപാരികൾ പറയുന്നത്. ഏതായാലും വെള്ളം കിട്ടാതായതോടെ കോംപ്ലക്‌സിലെ 25 ഓളം വ്യാപാരസ്ഥാപനങ്ങൾ പ്രതിസന്ധിയിലായി. കംഫർട്ട് സ്‌റ്റേഷനും ഉപയോഗിക്കാൻ കഴിയാതായി. ഇത് പൊതുജനങ്ങളെയും ബുദ്ധിമുട്ടിലാക്കി. പുതിയ കംഫർട്ട് സ്‌റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കിയിട്ടും ഇതുവരെയും പൊതുജനങ്ങൾക്ക് തുറന്നു നൽകിയിട്ടുമില്ല.



0 Comments