പീച്ചിഡാം റോഡിൽ അപകടക്കുഴികൾ; ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽ പെടുന്നു


പട്ടിക്കാട്. പീച്ചിഡാം റോഡ് തകർന്ന് നിറയെ കുഴികൾ രൂപപ്പെട്ടത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സമീപ ദിവസങ്ങളിൽ നിരവധി ഇരുചക്രവാഹന യാത്രക്കാരാണ് അപകടത്തിൽ പെട്ടത്. ഇതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്താൻ തുടങ്ങി. പീച്ചിറോഡ് ജങ്ഷൻ, ഇടപ്പലം, പള്ളിക്കണ്ടം, വാരിയത്ത്പടി, ആൽപ്പാറ, കണ്ണാറ എന്നിവിടങ്ങളിലാണ് റോഡ് കൂടുതൽ തകർന്ന് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. റോഡിലെ ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടതും മെറ്റൽ ഇളകി റോഡിന്റെ വശങ്ങളിൽ കിടക്കുന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇത്രയൊക്കെ ആയിട്ടും ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. അപകടത്തിൽപെട്ട് നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുമ്പോൾ മാത്രം കണ്ണ് തുറക്കുന്ന അധികൃതരുടെ പതിവ് രീതി പീച്ചിഡാം റോഡിലും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഇതുവഴി ആംബുലൻസിൽ പോകുന്ന രോഗികളുടെ അവസ്ഥയും വേദനാജനകമാണ്. അസ്ഥികൾക്ക് ഒടിവോ പൊട്ടലോ സംഭവിച്ച രോഗികളുമായി വരുമ്പോൾ ആണ് കൂടുതൽ അപകടസാധ്യത. റോഡിലുള്ള കുഴികൾ കാണുമ്പോൾ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നത് മൂലമോ, കുഴികളിൽ വാഹനം കയറിയിറങ്ങുന്നത് മൂലമോ വാഹനത്തിൽ ഉള്ള രോഗികൾക്ക് കൂടുതൽ വേദനയും ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നതായി ഡ്രൈവമാർ പറയുന്നു. അടിയന്തര ശുശ്രൂഷ ലഭിക്കേണ്ട രോഗികളുമായി പോകുമ്പോൾ റോഡിലെ കുഴികൾ മൂലം കൃത്യസമയത്ത് രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാത്തതും പ്രധാന പ്രശ്‌നമാണ്. പീച്ചിഡാം റോഡ് റീടാറിങ് നടത്തേണ്ട സമയം കഴിഞ്ഞിട്ടും റീടാറിങ് നടത്തുകയോ സമയാസമയങ്ങളിൽ വേണ്ട അറ്റകുറ്റ പണികൾ നടത്തുകയോ ചെയ്യാതിരുന്നതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. മാത്രമല്ല മഴക്കാലം ആരംഭിച്ചതോടെ റോഡിൽ ഉണ്ടായ വെള്ളക്കെട്ടും റോഡിന്റെ തകർച്ചക്ക് പ്രധാന കാരണമായി. കോടികൾ മുടക്കി റോഡുകൾ പണിയുമ്പോഴും റോഡിന്റെ സുരക്ഷയ്ക്ക് വേണ്ടി വശങ്ങളിൽ കാനകൾ നിർമ്മിക്കാൻ അധികൃതർ തയ്യാറാകാറില്ല. സമയാസമയങ്ങളിൽ അറ്റകുറ്റപണികൾ നടത്താതിരുന്ന പീച്ചിഡാം റോഡിൽ 2021 ജൂണിൽ വലിയ കുഴികൾ ഷെൽമാക്ക് ഉപയോഗിച്ച് അടയ്ക്കുക മാത്രമാണ് ചെയ്തത്. എന്നാൽ അധികം വൈകാതെ കുഴികളെല്ലാം വീണ്ടും തുറന്നു. ഒടുവിൽ ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ പൊതുമരാമത്തു വകുപ്പ് താൽക്കാലിക കുഴിയടയ്ക്കൽ നടത്തിയെങ്കിലും അതൊന്നും ശാശ്വതപരിഹാരമായില്ല. നിലവിൽ പീച്ചി റോഡ് ജങ്ഷൻ മുതൽ വിലങ്ങന്നൂർ വരെയുള്ള ഭാഗം മലയോര ഹൈവേയുടെ റൂട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ റീടാറിങ് എന്ന സ്വപ്‌നം ഉടൻ നടക്കില്ലെന്ന കാര്യവും തീരുമാനമായി. മലയോര ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്താനിരിക്കെ റോഡിന്റെ റീടാറിങ് നടത്തുന്നതിന് കിഫ്ബി തയ്യാറാകില്ല എന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ റോഡിന്റെ അവസ്ഥ ഇതേ നിലയിൽ തുടർന്നാൽ പീച്ചിഡാം റോഡിലൂടെയുള്ള യാത്ര ദുരന്തയാത്രയാകും എന്നതിൽ സംശയമില്ല.



Post a Comment

0 Comments