മുടിക്കോട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ മുടിക്കോട് സെന്ററിൽ കാറും സ്‌കൂട്ടറുമിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷിന്റെ നേതൃത്വത്തിൽ മുടിക്കോട് സെന്ററിൽ ദേശീയപാത ഉപരോധിച്ചു. ആഴ്ചയിൽ മൂന്നോ നാലോ അപകടങ്ങൾ പതിവായ ഈ പ്രദേശത്ത് അപകടങ്ങളിൽ പത്തോളം മരണങ്ങൾ ഇതിനകം നടന്നു കഴിഞ്ഞു. നിരവധിപേർ മാരകമായ പരിക്കുകളാൽ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കിടക്കുകയാണ്. നിരവധി വാഹനങ്ങളും ജനങ്ങളും സ്‌കൂൾ കുട്ടികളും യാത്ര ചെയ്യുന്ന പ്രധാന ജംഗ്ഷനാണ് മുടിക്കോട്. മൂന്നു പഞ്ചായത്തുകളിലെ ആളുകൾക്ക് തൃശൂർ മെഡിക്കൽ കോളേജിലേക്ക് പോകുന്ന ദേശീയപാതയിലെ പ്രധാന പ്രവേശനകവാടമാണ് മുടിക്കോട് സെന്റർ. അതുകൊണ്ട് ഈ പ്രദേശത്ത് അടിപ്പാതയോ മേൽപ്പാലമോ നിർമ്മിക്കേണ്ടത് അത്യാവശ്യമാണെന്നും, മന്ത്രിയും, എം പി യും, പഞ്ചായത്ത് പ്രസിഡന്റ് മാരും ആത്മാർത്ഥമായ സമീപനം ഈ വിഷയത്തിൽ കൈക്കൊള്ളണമെന്നും പാണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ വിഷയത്തിൽ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണം എന്നും കെ സി അഭിലാഷ് പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസ്, കെ പി ചാക്കോച്ചൻ, ജേക്കബ് പോൾ, ഷിബു പോൾ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജിത്ത് ചാക്കോ, പഞ്ചായത്ത് മെമ്പർ ഷൈജു കുര്യൻ, ഷിജോ പി ചാക്കോ, സി വി ജോസ്, റോയ് തോമസ്, എൻ അനിൽ കുമാർ,ബിന്ദു ബിജു, കെ എ ചാക്കുണ്ണി, സജാദ് ഇബ്രാഹിം,കെ എസ് പരമേശ്വരൻ , ജിഫിൻ ജോയ്, കെ എം പൗലോസ്, ജയ്‌മോൻ ഫിലിപ്പ്, ബേസിൽ തമ്പി, ചെറിയാൻ തോമസ്, ബിജു ഇടപ്പാറ, സിന്റോ കെ ഡി എന്നിവർ പങ്കെടുത്ത് സംസാരിച്ചു.


0 Comments