പട്ടിക്കാട്. വഴുക്കുംപാറ മുതൽ കുതിരാൻ തുരങ്കം വരെയുള്ള ഭാഗത്ത് സർവീസ് റോഡ് നിർമ്മിക്കാൻ ദേശീയപാത അതോറിറ്റി അനുമതി നൽകി. വഴുക്കുംപാറ സെന്ററിൽ നിന്നും ആരംഭിക്കുന്ന മേൽപ്പാതയ്ക്ക് താഴെ സമാന്തരമായി നിർമ്മാണം ആരംഭിച്ച സർവീസ് റോഡ് പാതി വഴിയിൽ അവസാനിപ്പിക്കുകയായിരുന്നു. ഇത് വലിയ ജനകീയ പ്രതിഷേധത്തിന് ഇടയാക്കി. റോഡിന് താഴെയുള്ള പ്രദേശത്തെ ജനങ്ങൾക്ക് പാലക്കാട് ഭാഗത്തേക്ക് പോകണമെങ്കിൽ കിലോമീറ്ററുകളോളം ചുറ്റി വരേണ്ട അവസ്ഥയായി. ഇതേ തുടർന്ന് സർവീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗങ്ങളായ കെ.പി. ചാക്കോച്ചൻ, ബിജോയ് ജോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തി. ജനങ്ങളുടെ സമരത്തിന് പിന്തുണയുമായി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനും രംഗത്ത് വന്നു. റവന്യൂ മന്ത്രി കെ. രാജൻ, ജില്ലാ കളക്ടർ ഹരിത വി കുമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രതിഷേധങ്ങൾക്കൊടുവിൽ ഈ പ്രദേശത്ത് സർവീസ് റോഡ് നിർമ്മിക്കാൻ ഹൈവേ അതോറിറ്റി അനുമതി നൽകുകയായിരുന്നു. അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടർ പഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രനെ ഫോണിൽ വിളിച്ചാണ് പ്രദേശത്ത് സർവീസ് റോഡ് അനുവദിച്ചതായി അറിയിച്ചത്. സർവീസ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനുണ്ട്. സമരങ്ങളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അംഗങ്ങളായ കെ.പി ചാക്കോച്ചനും ബിജോയ് ജോസിനും എതിരെ കരാർ കമ്പനി നൽകിയ കേസും നിലനിൽക്കുന്നുണ്ട്.


0 Comments