പട്ടിക്കാട്. ഏറ്റവും സാധാരണക്കാരായ കർഷകരിൽനിന്ന് കൃഷിപാഠങ്ങൾ ഉൾക്കൊണ്ട് സംസ്ഥാന സർക്കാർ തുടക്കമിടുന്ന ശ്രദ്ധേയമായ പദ്ധതിയാണ് കൃഷിദർശൻ എന്ന് റവന്യൂ മന്ത്രി കെ.രാജൻ പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഏതെങ്കിലും ഒരു വിളയ്ക്ക് ഉണ്ടാകുന്ന നാശം മൂലം ഉണ്ടാകുന്ന നഷ്ടത്തെ മറികടക്കാൻ ഒരേ കൃഷിയിടത്തിൽ വ്യത്യസ്ത വിളകൾ കൃഷി ചെയ്യുന്ന
വിളയിടാധിഷ്ഠിത കാർഷിക രീതി കർഷകർക്ക് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ തുടർച്ചയായി നടപ്പാക്കിയ 'ഞങ്ങളും കൃഷിയിലേക്ക്' തുടങ്ങിയ പദ്ധതികൾ മൂലം കാർഷിക രംഗത്ത് കേരളത്തിന് വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച കർഷകരെ ആദരിച്ചു. പാണഞ്ചേരി പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ സഹകരണ സംഘങ്ങൾ, പാടശേഖര സമിതികൾ, പച്ചക്കറി ക്ലസ്റ്ററുകൾ എന്നിവയുടെ സഹകരണത്തോടെയാണ് കർഷകദിനാഘോഷം സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷനായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മീന മാത്യു പദ്ധതി വിശദീകരണം നടത്തി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഇ.ടി.ജലജൻ, സുബൈദ അബൂബക്കർ, പ്രതിപക്ഷ നേതാവ് ബാബു തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രമ്യ രാജേഷ്, കെ.കെ.രമേഷ്, സിപിഐഎം ലോക്കൽ സെക്രട്ടറിമാരായ മാത്യു നൈനാൻ, എം. ബാലകൃഷ്ണൻ, സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻറ് രാജു പാറപ്പുറം, കൃഷി അസിസ്റ്റൻറ് ഡയറക്ടർ പി.സി.സത്യവർമ്മ, പാണഞ്ചേരി കൃഷി ഓഫീസർ ടി.ആർ അഭിമന്യു, വാർഡ് മെമ്പർമാർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.



0 Comments