പട്ടിക്കാട്. സമസ്ത മേഖലകളും രാഷ്ട്രീയവൽക്കരിക്കപ്പെട്ട സമൂഹമാണ് ഇപ്പോഴുള്ളതെന്നും ക്ഷേത്രങ്ങളിലും ക്ഷേത്ര ഭരണ സിരാ കേന്ദ്രങ്ങളിലും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയുടെ കൊടി തോരണങ്ങൾ ഏത് നിമിഷവും സ്ഥാപിക്കപ്പെടാമെന്നും എൻഎസ്എസ് തൃശ്ശൂർ താലൂക്ക് യൂണിയൻ പ്രസിഡന്റും മുൻ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വക്കേറ്റ് എ സുരേശൻ പറഞ്ഞു. പട്ടിക്കാട് ലയൺസ് ക്ലബ്ബ് ഹാളിൽ എൻഎസ്എസ് കരയോഗം പട്ടിക്കാട് യൂണിറ്റിന്റെ വാർഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാരിനെതിരെ അദ്ദേഹം രൂക്ഷവിമർശനം നടത്തിയത്. ക്ഷേത്രങ്ങളിലെ വരുമാനം പോലും നോക്കാതെ യൂണിയൻ നേതാക്കളെയും പ്രവർത്തകരെയും തിരുകി കയറ്റി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുകയാണെന്നും ഈ സാഹചര്യത്തിൽ എൻഎസ്എസ് പോലുള്ള സംഘടനകൾ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസ് താലൂക്ക് യൂണിയൻ സെക്രട്ടറി സി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് കെ ഗോപകുമാർ അധ്യക്ഷനായിരുന്നു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, 70 വയസ്സ് കഴിഞ്ഞ അംഗങ്ങളെയും 40-ാം വിവാഹ വാർഷികം പിന്നിട്ട ദമ്പതിമാരെയും ചടങ്ങിൽ ആദരിച്ചു. കരയോഗം വൈസ് പ്രസിഡന്റ് ഗോപിനാഥ് താറ്റാട്ട്, സെക്രട്ടറി കെ സുകുമാരൻ, ട്രഷറർ കെ വിനോദ്, കരയോഗം അംഗങ്ങളായ ശ്രീജിത്ത്, സുമ, അജിത്ത് മേലുവീട്ടിൽ എന്നിവർ സംസാരിച്ചു. കെ. ഗോപകുമാർ (പ്രസിഡന്റ്), കെ. സുകുമാരൻ (സെക്രട്ടറി), മോഹനൻ (ട്രഷറർ) എന്നിവരെ പുതിയ വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുത്തു.


0 Comments