പട്ടിക്കാട്: പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ മെറിറ്റ് അവാർഡ് വിതരണം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. അറിവിന്റെയും വിജ്ഞാനത്തിന്റെയും പുതിയ ഒരു ലോകം ഒരുക്കുകയാണ് സംസ്ഥാന സർക്കാർ പൊതു വിദ്യാഭ്യാസ നയത്തിലൂടെ പ്രാവർത്തികമാക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ബാങ്കിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികൾക്ക് വർഷംതോറും ബാങ്കിന്റെ നേതൃത്വത്തിൽ അവാർഡുകൾ നൽകി വരാറുണ്ട്. പ്രസിഡന്റ് വിൽസൺ ചമ്പനാൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ മുഖ്യ അതിഥിയായിരുന്നു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, സിപിഎം പീച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം ബാലകൃഷ്ണൻ, സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയംപാറ, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് രാജു പാറപ്പുറം, ബാങ്ക് വൈസ് പ്രസിഡൻറ് തങ്കമണി ജോസ്, ചന്ദ്രശേഖരൻ മാസ്റ്റർ, എം പി സാബു, മോഹൻദാസ് പി കെ, സജീവ് കുമാർ, പ്രസാദ് മാത്യു എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments