പട്ടിക്കാട്: സർവീസ് സഹകരണ ബാങ്ക് തൃശ്ശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ സഹകരണത്തോടെ ഭക്ഷ്യോൽപ്പന്ന വിപണനം ആരംഭിക്കുന്നു. ഇതിനു മുന്നോടിയായി 12 ഓളം വനിതകൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകി. നിർജലീകരിച്ച പച്ചക്കറികൾ, അച്ചാറുകൾ, ശീതള പാനീയങ്ങൾ, ക്യാൻഡികൾ, ചിപ്‌സ്, ജാതിത്തൊണ്ടിൽ നിന്നുള്ള ഉത്പന്നങ്ങൾ എന്നീ മൂല്യ വർദ്ധിതോൽപ്പന്നങ്ങളുടെ ശാസ്ത്രീയ ഉത്പാദന രീതികളാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നത്. കൂടാതെ വിവിധതരം ഡ്രയറുകൾ, ഫ്രെയിംഗ് മെഷീൻ, പഴങ്ങൾ വരട്ടി എടുക്കുവാൻ ഉപയോഗിക്കുന്ന പൾപ്പ് കോൺസുലേറ്റർ, പാക്കിംഗ് ഉപകരണങ്ങൾ എന്നിവ പ്രവർത്തിക്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനവും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ഓണവിപണി ലക്ഷ്യമാക്കി കൊണ്ടാണ് പാണഞ്ചേരി സർവീസ് സഹകരണ ബാങ്കും തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രവും ജയശ്രീ എന്ന പേരിൽ പ്രോഡക്റ്റ് പുറത്തിറക്കുന്നത്. ജൂലൈ 25ന് ആരംഭിച്ച പരിശീലന പരിപാടിയുടെ സമാപനം ആഗസ്റ്റ് ഒന്നിന് കേരള കാർഷിക സർവകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോക്ടർ ജയശ്രീ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോക്ടർ മേരി റജീന, പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് വിൽസൺ ചെമ്പനാൽ, സെക്രട്ടറി ജോജു എ വി, പ്രസാദ് മാത്യു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.


0 Comments