പട്ടിക്കാട് . എൻഎച്ച് ലിങ്ക് റോഡ് വഴി ബസുകൾ കടന്നു പോകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പീച്ചി പോലീസിലും പഞ്ചായത്തിലും പരാതി നൽകി. പീച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പോകുന്ന സ്വകാര്യ ബസ്സുകൾ പഞ്ചായത്ത് പരിസരത്തും ബസ് സ്റ്റാൻഡിലും പ്രവേശിക്കാതെ പട്ടിക്കാട് സെന്ററിൽ നിന്ന് എൻഎച്ച് ലിങ്ക് റോഡ് വഴി ഹൈവേയിലേക്ക് കടന്നു പോവുകയാണ്. ഇതുമൂലം ലിങ്ക് റോഡിൽ ഗതാഗതക്കുരുക്കും വ്യാപാരികൾക്ക് ബുദ്ധിമുട്ടും ഉണ്ടാകുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല പഞ്ചായത്തിലേക്കും വിവിധ ഓഫീസുകളിലേക്കും മറ്റു സ്ഥാപനങ്ങളിലേക്കും എത്തേണ്ടവരെ പട്ടിക്കാട് സെന്ററിൽ ഇറക്കിവിടുന്നത് യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കുകയാണ്. ഇതു സംബന്ധിച്ച് പഞ്ചായത്തിൽ നേരത്തെ നൽകിയ പരാതിയെ തുടർന്ന് ഭൂരിഭാഗം ബസ്സുകളും ഇതുവഴി കടന്നുപോകുന്നത് ഒഴിവാക്കിയിട്ടുണ്ട്. ലിങ്ക് റോഡിലൂടെ ബസ്സുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ കടന്നുപോകുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും എന്നാൽ ഇപ്പോഴും ചില ബസ് ജീവനക്കാർ ഇത് പാലിക്കാത്തത് വ്യാപാരികൾക്കും കാൽ നടക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ബാബു കൊള്ളന്നൂർ പറഞ്ഞു.


0 Comments