മുടിക്കോട് സെന്റർ സ്ഥിരമായി അടച്ചു പൂട്ടാൻ ശ്രമം: നാട്ടുകാർ പ്രതിഷേധത്തിൽ


പട്ടിക്കാട്. മുടിക്കോട് സെന്റർ സ്ഥിരമായി അടച്ചുപൂട്ടാനുള്ള അധികൃതരുടെ ശ്രമത്തിനെതിരെ നാട്ടുകാർ രംഗത്തെത്തി. കഴിഞ്ഞ ദിവസം ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ സ്‌കൂട്ടർ യാത്രികൻ മരണപ്പെട്ടതിനെ തുടർന്നാണ് ഇരുഭാഗത്തേക്കുമുള്ള പ്രവേശനം താൽക്കാലികമായി അടച്ചത്. എന്നാൽ ഇത് പ്രദേശവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഇന്ന് സ്ഥിരം സംവിധാനം ഉപയോഗിച്ച് ഈ ഭാഗം അടച്ചുപൂട്ടാൻ അധികൃതർ ശ്രമിച്ചതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയത്. പാണഞ്ചേരി പഞ്ചായത്ത് ഉൾപ്പെടെ സമീപ പഞ്ചായത്തുകളിൽ നിന്നും മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകേണ്ടവർ ആശ്രയിക്കുന്നത് മുടിക്കോട് നിന്നും ചാത്തംകുളം വഴിയിലൂടെ കടന്നുപോകുന്ന പ്രധാന പാതയെയാണ്. എന്നാൽ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തിന്
 

തടസ്സമുണ്ടാക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നും മുടിക്കോട് സെന്ററിൽ എത്രയും വേഗം അടിപ്പാത നിർമ്മിക്കണമെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് പറഞ്ഞു. അല്ലാത്തപക്ഷം സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും അഭിലാഷ് പറഞ്ഞു. കൂട്ടാല ഭാഗത്ത് നിന്നും മുടിക്കോട്, ചെമ്പൂത്ര, താളിക്കോട്‌, പട്ടിക്കാട്, പീച്ചി തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പുതിയ ഗതാഗത നിയന്ത്രണം ഏറെ ദുരിതത്തിലാക്കി. പാലക്കാട് ഭാഗത്തേക്കുള്ള പാതയോരത്ത് സ്ഥിതി ചെയ്യുന്ന റേഷൻ കടയിൽ പോയി തിരികെ വരുന്നവർക്ക് 45 രൂപ ഓട്ടോ കൂലി നൽകിയിരുന്നിടത്ത് 150 രൂപയോളം കൊടുക്കേണ്ട സ്ഥിതിയിലാണെന്ന് മുൻ പഞ്ചായത്ത് അംഗം എം.എസ് കുഞ്ഞപ്പൻ പറഞ്ഞു. മേഖലിയിൽ രണ്ട് യു ടേണുകൾ സ്ഥാപിച്ച് ഗതാഗതം നിയന്ത്രിച്ചാൽ താൽക്കാലിക പരിഹാരമാകുമെന്ന് പ്രദേശത്തെ ഓട്ടോ ഡ്രൈവർമാരും അഭിപ്രായപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ആഗസ്റ്റ് 26-ാം തിയതി പഞ്ചായത്തിൽ ചർച്ച വെച്ചിട്ടുണ്ട്. ഇതിൽ പ്രശ്‌നത്തിന് ഒരു പരിഹാരം കാണാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.



Post a Comment

0 Comments