വഴുക്കുംപാറ. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയും അപാകതകളും മൂലം അപകടാവസ്ഥയിൽ ആയിരിക്കുകയാണ് വഴുക്കുംപാറ സെന്ററിലെ ഹൈമാസ്റ്റ് ലൈറ്റും ക്ഷീരസംഘം കെട്ടിടവും. കാനയുടെ പണികൾ നിർദിഷ്ട രീതിയിൽ പൂർത്തിയാകാത്തതാണ് ഈ അപകടാവസ്ഥയ്ക്ക് കാരണം. വഴക്കുംപാറ സെന്ററിൽ ദേശീയപാതയോരത്ത് ക്ഷീരസംഘം കെട്ടിടത്തിന് സമീപം സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് ഏത് സമയവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. കെട്ടിടത്തോട് ചേർന്നുള്ള മണ്ണ് കാനയിലേക്ക് ഇടിയുകയാണ് മഴ ശക്തമായി വെള്ളത്തിന്റെ കുത്തൊഴുക്ക് വർദ്ധിക്കുന്നതോടെ മണ്ണിടിച്ചിലും രൂക്ഷമാകും. ഇതോടെ ഹൈമാസ്റ്റ് ലൈറ്റും കെട്ടിടവും തകരാനുള്ള സാധ്യതയുമുണ്ട്. കുതിരാൻ മേഖലയിൽ നിന്നെത്തുന്ന വെള്ളം തടസ്സം കൂടാതെ ഒഴുകി പോകാൻ മാർഗ്ഗം ഒരുക്കാത്തതിനാൽ പരിസരത്തെ കെട്ടിടങ്ങളും മറ്റ് നിർമ്മിതികളുമൊക്കെ ഇത്തരത്തിൽ അപകടാവസ്ഥയിലാവുകയാണ്. കരാർ കമ്പനി അധികൃതരോ ദേശീയപാത ഉദ്യോഗസ്ഥരോ തങ്ങളുടെ ദുരിതങ്ങൾക്കു നേരെ കണ്ണടയ്ക്കുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വഴുക്കുംപാറയിൽ വിവിധ സ്ഥലങ്ങളിൽ വെള്ളക്കെട്ടും രൂക്ഷമാണെന്ന് വാർഡ് മെമ്പർ കെ.പി ചാക്കോച്ചൻ പറഞ്ഞു.


0 Comments