ശക്തമായ മഴയിൽ ദേശീയപാതയുടെ വശങ്ങൾ ഇടിഞ്ഞു; പ്രദേശത്തെ വീട്ടുകാർ അപകടഭീഷണിയിൽ


പട്ടിക്കാട്. ശക്തമായ മഴയിൽ വഴുക്കുംപാറയിൽ ദേശീയപാതയുടെ വശങ്ങൾ ഇടിഞ്ഞു. ഇതോടെ പ്രദേശത്ത് താമസിക്കുന്ന നാരേക്കാട്ട് അച്ചാമ്മ മത്തായിയുടെ കുടുംബം അപകടഭീഷണിയിലായി. അച്ചാമ്മയുടെ രണ്ട് ആൺമക്കളും ഒരു മകന്റെ കുടുംബവുമാണ് ഇവിടെ താമസിക്കുന്നത്. ചെറിയികുട്ടികൾ അടക്കമുള്ള കുടുംബമാണ് ഇവിടെ അപകടഭീഷണിയിൽ കഴിയുന്നത്. വഴുക്കുംപാറ മേൽപ്പാതയ്ക്കും കുതിരാൻ 


തുരങ്കത്തിനും ഇടയിൽ പാലക്കാട് ഭാഗത്തേക്കുള്ള പാതയോരത്താണ് മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളത്. ഈ ഭാഗത്ത് പ്രധാനപാതയുടെ വശങ്ങൾ കോൺക്രീറ്റിങ് നടത്താതെ മണ്ണിട്ട് ഉയർത്തിയാണ് റോഡ് നിർമ്മിച്ചിട്ടുള്ളത്. പ്രധാനപാതയിൽ നിന്നും അച്ചാമ്മയുടെ വീട്ടിലേയ്ക്ക് ഇറങ്ങുന്നതിന് താൽക്കാലിക പാതയും നിർമ്മിച്ചിരുന്നു. ഈ ഭാഗത്തെ മണ്ണും മെറ്റലും ഉൾപ്പെടെയാണ് തിങ്കളാഴ്ച രാത്രിയിൽ പെയ്ത മഴയിൽ കുത്തിയൊലിച്ച് വീടിന്റെ മുറ്റത്ത് ചെന്ന് പതിച്ചിട്ടുള്ളത്. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയുടെ മറ്റൊരു ഉദാഹരണമായി മാറുകയാണ് ഈ അപകടം. എത്രയും വേഗം മണ്ണിടിച്ചിൽ ഒഴിവാക്കുന്നതിനുള്ള നടപടികൾ ദേശീയപാത അധികൃതർ സ്വീകരിച്ച് തങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കണമെന്ന് കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു.



Post a Comment

0 Comments