വാണിയമ്പാറ. സർവ്വീസ് റോഡ് നിർമ്മാണം വാണിയമ്പാറ മേഖലയിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ദേശീയ പാതയോരത്തെ കുളത്തിന് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നതിനോ പ്രദേശത്ത് സർവ്വീസ് റോഡ് നിർമ്മിക്കുന്നതിനോ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കുളം നികത്തി സർവ്വീസ് റോഡ് നിർമ്മിക്കാനുള്ള നിർമ്മാണ കമ്പനിയുടെ ശ്രമം നാട്ടുകാർ തടഞ്ഞിരുന്നു. ദേശീയപാതയുടെ വടക്ക് ഭാഗത്തായി താമസിക്കുന്ന 60 കുടുംബങ്ങളുടെ ഏക കുടിവെള്ള സ്രോതസ്സാണിത്. സർവ്വീസ് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് കുളത്തിന്റെ ഒരു ഭാഗം നികത്തുന്നതിന്
പഞ്ചായത്ത് അധികൃതരുമായി ദേശീയപാത നിർമ്മാണ കമ്പനി ധാരണയിലും എത്തിയിരുന്നു. നികത്തേണ്ടി വരുന്ന ഭാഗം കല്ലുകെട്ടി സംരക്ഷിക്കുമെന്നും അത്രയും ഭാഗം എതിർവശത്തായി കുളത്തിന്റെ വീതി കൂട്ടുമെന്നും ആയിരുന്നു ധാരണ. എന്നാൽ ഇതിന് കടകവിരുദ്ധമായി കുളം മണ്ണിട്ട് നികത്താൻ ലോറികൾ എത്തിയതോടെയാണ് അന്ന് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനങ്ങൾ തടഞ്ഞത്. നിർമ്മാണ കമ്പനി വാഗ്ദാനം ചെയ്തതുപോലെ നികത്തുന്ന ഭാഗത്തിന് തുല്യമായി ആയി കുളത്തിന് വീതി കൂട്ടുകയോ വശങ്ങൾ കെട്ടി സംരക്ഷിക്കുകയോ ചെയ്തില്ല. മാത്രമല്ല കുളത്തിന് സമീപം കിണർ നിർമ്മിച്ച് അതിൽ നിന്ന് വെള്ളം പമ്പുചെയ്താണ് മുമ്പ് വിതരണം ചെയ്തിരുന്നത്. എന്നാൽ പ്രളയകാലത്തുപോലും കിണറിൽ നിന്ന് ആവശ്യത്തിന് വെള്ളം കിട്ടിയില്ല. അഞ്ച് കുഴൽക്കിണറുകൾ പ്രദേശത്ത് നിർമ്മിച്ചെങ്കിലും ഫലമുണ്ടായില്ല. പായലും ചെളിയും നിറഞ്ഞ് കറുത്ത് ദുർഗന്ധം വമിക്കുന്ന പൊതുകുളത്തിലെ വെള്ളമാണ് പ്രദേശത്ത് ഇപ്പോൾ വിതരണം ചെയ്യുന്നത്. ഈ വെള്ളം വലിയ പാത്രങ്ങളിൽ പിടിച്ചുവെച്ച് ചെളി അടിഞ്ഞുകഴിയുമ്പോൾ ഉപയോഗിക്കുന്നതാണ് രീതി. 2019 നവംബർ ഒന്നിന് വാണിയമ്പാറ കുളത്തിലേക്ക് കാർ മറിഞ്ഞ് മരിച്ചവരുടെ മൃതദേഹം പുറത്തെടുത്ത് ഒരു മണിക്കൂർ കഴിയുന്നതിന് മുമ്പേ ഈ കുളത്തിൽ നിന്ന് തന്നെ വെള്ളം ഉപയോഗിക്കേണ്ട ഗതികേടും നാട്ടുകാർ അനുഭവിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊതുകിണർ ഉൾപ്പെടെ ഏഴ് കിണറുകൾ പ്രദേശത്ത് മൂടിപ്പോയി. ഇതോടുകൂടി ഇത്രയും വീട്ടുകാർ കുടിവെള്ളത്തിനായി മേഖലയിലെ രണ്ട് സ്വകാര്യവ്യക്തികളുടെ കിണറിനെയാണ് ആശ്രയിക്കുന്നത്.



0 Comments