പള്ളിക്കണ്ടം കരിപ്പക്കുന്നിൽ വീണ്ടും വീടുകളിൽ വെള്ളം കയറി; പ്രദേശവാസികൾ വീടൊഴിഞ്ഞ് പോകുന്നു


പട്ടിക്കാട്: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ കരിപ്പക്കുന്ന് പ്രദേശത്ത് നിരവധി വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് കൂടെ പോകുന്ന കല്ലായിചിറ തോട് നിറഞ്ഞ് കവിഞ്ഞതാണ് വീടുകളിലേക്ക് വെള്ളം കയറാൻ കാരണമായത്. മഴക്കാലത്ത് പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകാറുണ്ടെങ്കിലും 2018 മുതലാണ് വീടുകളിൽ വെള്ളം കയറാൻ തുടങ്ങിയത്. നിലവിൽ വീടുകളിൽ വെള്ളം കയറിയതുമൂലം പ്രദേശവാസികൾ താൽക്കാലികമായി താമസം മാറിയിരിക്കുകയാണ്. കല്ലായിച്ചിറ കയ്യേറിയതു മൂലം വെള്ളത്തിന്റെ 


ഒഴുക്കിനെ തടസ്സപ്പെടുത്തിയെന്നും ഇത് മൂലമാണ് വെള്ളം വീടുകളിൽ കയറുന്നത് എന്നും കാണിച്ച്  പ്രദേശവാസികളുടെ നേതൃത്വത്തിൽ കല്ലായിച്ചിറ സംരക്ഷണ സമിതി രൂപീകരിച്ച് കോടതിയിൽ കേസ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തോടിന്റെ കയ്യേറ്റം പൊളിച്ചു നീക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. കോടതി വിധിപ്രകാരം ചെമ്പൂത്ര മുതൽ കൂട്ടാല വരെ കയ്യേറ്റങ്ങൾ പൊളിച്ചു നീക്കിയിരുന്നു. 
പ്രദേശത്തെ നിരവധി സ്ഥലങ്ങൾ മണ്ണിട്ടു മൂടിയതും കാനകൾ നികത്തിയതും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. പള്ളിക്കണ്ടം കരിപ്പക്കുന്ന് റോഡിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പഞ്ചായത്ത് എത്രയും വേഗം വിഷയത്തിൽ നടപടിയെടുക്കണമെന്ന്  കല്ലായിചിറ സംരക്ഷണ സമിതി അംഗങ്ങളുമായ കുര്യൻ, പൗലോസ്, അബ്ദുള്ളക്കുട്ടി എന്നിവർ പറഞ്ഞു.



Post a Comment

0 Comments