കാട് കയറി കണ്ണാറ പാലം; കാൽനട യാത്രക്കാർ അപകട ഭീതിയിൽ


പട്ടിക്കാട്. പീച്ചിഡാം റോഡിലെ കണ്ണാറ പാലത്തിന്റെ ഇരുവശവും കാടുകയറിയത് കാൽനട യാത്രക്കാരെ അപകട ഭീതിയിലാക്കുന്നു. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാട് വെട്ടിത്തെളിച്ചും, കാനകൾ വൃത്തിയാക്കിയും വിവിധ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. എന്നാൽ നിരവധി വിനോദ സഞ്ചാരികൾ യാത്രചെയ്യുന്ന കണ്ണാറ പാലത്തിന്റെ വശങ്ങൾ വൃത്തിയാക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. ഇതോടെ പാലത്തിലൂടെ വലിയ വാഹനങ്ങൾ കടന്നു വന്നാൽ കാൽനടയാത്രക്കാർ എന്തുചെയ്യണം എന്നറിയാത്ത സ്ഥിതിയിലാണ്. റോഡിന്റെ വശങ്ങൾ കാട് പിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ സ്‌കൂളുകളിലേയ്ക്കുള്ള നിരവധി വിദ്യാർത്ഥികളാണ് ഇതുവഴി കടന്നു പോകുന്നത്. പീച്ചിഡാമിൽ ഇന്നലെ മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ ഇതുവഴിയുള്ള വാഹനങ്ങളുടെ തിരക്കും വർദ്ധിച്ചു. എന്നാൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ട മുൻകരുതലുകൾ അധികൃതർ എടുത്തിട്ടുമില്ല. എത്രയും വേഗം പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments