താളിക്കോട് നിന്നുകുഴിയിലെ അനധികൃത പന്നി ഫാമുകൾ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃകരും സന്ദർശിച്ചു


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിലെ നിന്നുകുഴിയിൽ പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമുകളിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും സംയുക്തമായി പരിശോധന നടത്തി. കഴിഞ്ഞ രണ്ടു വർഷമായി പഞ്ചായത്ത് ലൈസൻസ് പോലും ഇല്ലാതെയാണ് ഇവിടെ ഫാമുകൾ പ്രവർത്തിക്കുന്നത്. പലതവണ നോട്ടീസ് നൽകിയിട്ടും പ്രവർത്തനം നിർത്തിവയ്ക്കുകയോ വേണ്ടത്ര ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്യാതെയാണ് ഇവയുടെ പ്രവർത്തനം നടന്നിരുന്നത്. മാത്രമല്ല ചത്ത പന്നികളെ വേണ്ട രീതിയിൽ സംസ്‌കരിക്കാതെ തുറസ്സായ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നതായും ആരോഗ്യവകുപ്പ് കണ്ടെത്തി. പ്രദേശത്ത് പ്രവർത്തിക്കുന്ന ഏഴോളം 
പന്നിഫാമുകളിൽ ഒന്നിനും ലൈസൻസ് ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ രണ്ടു ഫാമുകൾ മാത്രം ലൈസൻസിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നുണ്ട്. പ്രദേശത്തെ വന മേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന നീർച്ചാലുകളിലേക്ക് ആണ് ഫാമുകളിൽ നിന്നുള്ള വിസർജ്യവും മറ്റു മാലിന്യങ്ങളും വന്നുചേരുന്നത്. ഇവയാണ് പട്ടത്തിപ്പാറ വഴി കല്ലായി ചിറയിലേക്കും അവിടെനിന്ന് മണലി പുഴയിലേക്കും ഒഴുകിയെത്തുന്നത്. കല്ലായി ചിറയുടെയും മണലിപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്ന ആയിരക്കണക്കിന് വീടുകളുടെ ജലസ്രോതസ്സാണ് അനധികൃത പന്നിഫാമുകൾ വഴി മലിനമാക്കപ്പെടുന്നത്. പന്നിഫാമിൽ നിന്നും വരുന്ന മാലിന്യം വഴി ജാപ്പനീസ് എൻസൈഫലിറ്റീസ്  (ജെ.ഇ) എന്ന രോഗം പടർന്നു പിടിക്കുവാൻ സാധ്യത ഏറെയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കൂടാതെ  വെസ്‌നയിൽ ഫീവർ പടർത്തുവാനും സാധ്യതയുണ്ട്.  പലതവണ നോട്ടീസ് നൽകിയിട്ടും പ്രശ്‌നങ്ങൾ പരിഹരിക്കാത്ത ഫാമുകൾക്കെതിരെ വിശദമായ റിപ്പോർട്ട് പഞ്ചായത്തിനും  ആരോഗ്യ വകുപ്പിനും  കൈമാറുമെന്ന് അന്വേഷണ സംഘത്തിന് ചുമതല നൽകുന്ന ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു പറഞ്ഞു. സംഘത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അഭിലാഷ്, പണഞ്ചേരി പഞ്ചായത്തിലെ സീനിയർ ക്ലർക്ക് സുമേഷ് എന്നിവരും  ഉണ്ടായിരുന്നു.




Post a Comment

0 Comments