മുടിക്കോട് അപകട മരണം: മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു


പട്ടിക്കാട് : മുടിക്കോട് സെന്ററിൽ അപകടമരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പ്രദേശത്ത് ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ എൻഫോഴ്‌സ്‌മെന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വിനോദ് കുമാർ, അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ മാത്യു വർഗീസ്, സന്തോഷ് കുമാർ, പീച്ചി പോലീസ് എസ്‌ഐ ഷാജി എ.ഒ എന്നിവരുടെ നേതൃത്വത്തിൽ മുടിക്കോട്ടിൽ സന്ദർശിച്ചു. കഴിഞ്ഞ ദിവസമുണ്ടായ അപകട മരണത്തെ തുടർന്ന് മുടിക്കോട് സെന്ററിലെ യുടേൺ  അടച്ചു കെട്ടിയിരുന്നു. യാത്രാസ്വാതന്ത്ര്യം നഷ്ടപെട്ടതോടെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കരാർ കമ്പനിയുടെ നേതൃത്വത്തിൽ പ്രദേശത്ത് ഡിവൈഡറുകൾ സ്ഥാപിക്കാൻ 



വന്നപ്പോൾ നാട്ടുകാർ പണികൾ തടഞ്ഞിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ യോഗം വിളിച്ചു ചേർത്തത്. അടിപ്പാത പണിയുന്നതുവരെ മുടിക്കോട് മുസ്ലിം പള്ളിക്ക് സമീപവും ശിവക്ഷേത്രത്തിന് സമീപവും രണ്ട് യൂടേണുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ഉദ്യോഗസ്ഥരെ അറിയിച്ചു. രണ്ടിനും സാധ്യമല്ലെങ്കിൽ നിലവിലെ യൂടൺ തുറന്നിടണമെന്നും നാട്ടുകാർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. എന്നാൽ ദേശീയപാത അതോറിറ്റിയുടെ റോഡ് നിയമം അനുസരിച്ച് മാത്രമേ കാര്യങ്ങൾ നടപ്പാക്കാൻ സാധിക്കൂ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ടി എൻ പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ വരുന്ന തിങ്കളാഴ്ച രാവിലെ 11 മണിക്ക് അടിയന്തര യോഗം വിളിച്ചിട്ടുണ്ട് എന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ സി അഭിലാഷ് അറിയിച്ചു.



Post a Comment

0 Comments