കുടിവെള്ള വിതരണ ടെണ്ടറിൽ ക്രമക്കേടെന്ന് ആരോപണം: വിജിലൻസ് ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി


പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ കുടിവെള്ള വിതരണത്തിലെ  ടെണ്ടർ നടപടികളിൽ  ക്രമക്കേട് നടത്തി എന്ന് ആരോപിച്ച്  വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ നൽകിയ പരാതിയിൽ തുടർ അന്വേഷണത്തിനായി വിജിലൻസ് ഉദ്യോഗസ്ഥർ പഞ്ചായത്തിലെത്തി. കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നത്. 5 ലക്ഷത്തിന് മുകളിലുള്ള ടെണ്ടറുകൾ ഇ-ടെണ്ടർ നടത്തണമെന്ന നിയമം നിലനിൽക്കേ സാധാരണ ടെണ്ടർ നടപടികളുമായി അധികൃതർ 


മുന്നോട്ട് പോവുകയായിരുന്നു എന്ന് ഷൈജു കുര്യൻ ആരോപിച്ചിരുന്നു. മാത്രമല്ല രണ്ടുപേർ ഒരേ തുക ക്വോട്ട് ചെയ്ത സാഹചര്യത്തിൽ നെഗോസിയേഷൻ നടത്തി ടെണ്ടർ ഉറപ്പിക്കുന്നതിനു പകരം മറ്റു ഇടപെടലുകളുടെ ഭാഗമായി ഒരാളെ പരിഗണിച്ചതും അഴിമതി ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഷൈജു കുരിയൻ പരാതി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് തൃശൂർ വിജിലൻസ് സിഐ സജിൻ ലൂയിസ്, എസ്‌ഐ ജയകുമാർ, എസ്‌ഐ പ്രദീപ് കുമാർ, ഹെഡ് കോൺസ്റ്റബിൽ നിബാഷ്, വാട്ടർ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സജിത്ത് എന്നിവർ പഞ്ചായത്തിലെത്തി രേഖകൾ പരിശോധിച്ചത്.



Post a Comment

0 Comments