കണ്ണാറ. സഹജമായ നന്മയുടെ വെളിച്ചം വിതറുകയാണ് ഏതാനും കുരുന്നുകൾ. കണ്ണാറ സെ.തോമസ് മാർത്തോമ്മാ പള്ളിയിലെ സണ്ടേസ്‌കൂൾ കുട്ടികളാണ് തങ്ങൾക്ക് പകർന്നു കിട്ടിയ നന്മയുടെ വെളിച്ചം പങ്കുവെച്ചത്. പീച്ചി സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച ഇടവകാംഗങ്ങൾ കൂടിയായ തോമസ് പി കുര്യനും ലിസി മാത്യുവും പള്ളിയിൽ നടത്തിയ വിജയാഘോഷ വേദിയിലായിരുന്നു സംഭവം. വിരുന്നിനിടയിൽ അപ്രതീക്ഷിതമായി സാമ്പത്തിക സഹായ അഭ്യർത്ഥനയുമായി എത്തിയ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന അതിഥിക്ക് തന്റെ ഭക്ഷണം നൽകിയ മാമൂട്ടിൽ തോമസിനെ കുട്ടികൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പിന്നാലെ പിള്ളവാത രോഗം മൂലം നടക്കാൻ പോലും കഴിയാത്ത മറ്റൊരു അതിഥി കൂടി എത്തി. പള്ളിയുടെ പടവുകൾ കയറാൻ കഴിയാതെ നിന്ന അദ്ദേഹത്തെ ആരുടെയും പ്രേരണയില്ലാതെ കുട്ടികൾ സഹായിക്കുകയായിരുന്നു. ഭക്ഷണം നൽകി തൃപ്തനാക്കി അദ്ദേഹത്തെ ബസ് സ്‌റ്റോപ്പിലേക്ക് താങ്ങി എത്തിക്കുകയും ചെയ്തു. ബസ്സിൽ കയറിപ്പറ്റാൻ കൂടുതൽ സമയം എടുക്കുമെന്നതിനാൽ പല ബസ്സുകളും അവിടെ നിർത്തിയില്ല. ഒടുവിൽ തലനിവർത്തി നിൽക്കാൻ പോലും കഴിയാതിരുന്ന അതിഥിയെ അരമണിക്കൂറിലധികം തങ്ങളോട് ചേർത്ത് നിർത്തുകയായിരുന്നു കുട്ടികൾ. ആൽബിൻ മത്തായി പതിപറമ്പിൽ, സോബൽ ബൈജു നൊച്ചുമണ്ണിൽ, ഏബൽ ജോർജ്ജ് എബി താന്നിവിളയിൽ, സഞ്ജു ബിജു വെള്ളാംകുഴിയിൽ, അമൻ എ ജോർജ്ജ് തുണ്ടിയിൽ, മെൽബിൻ ജോൺ പുലിപ്രതുണ്ടിയിൽ, ജോയൽ എബി മോസസ് മാഞ്ചാംകുഴിയിൽ, അശ്വിൻ റ്റി വിജി തടത്തിപ്ലാക്കൽ എന്നിവരാണ് നന്മയുടെ മാതൃക തീർത്തത്.


0 Comments