പട്ടിക്കാട്. ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മങ്കിപോക്‌സ് രോഗത്തെക്കുറിച്ചും മറ്റ് പകർച്ചവ്യാധികളെക്കുറിച്ചും ആശാ പ്രവർത്തകർക്ക് പരിശീലനം നൽകി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തിയ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി ഉദ്ഘാടനം ചെയ്തു. സാമൂഹികാരോഗ്യകേന്ദ്രം സൂപ്രണ്ട് ഡോ.ജയന്തി ക്ലാസ്സെടുത്തു. പകർച്ചവ്യാധികൾക്ക് സ്വയം ചികിത്സ ഒഴിവാക്കണെന്ന് സൂപ്രണ്ട് പറഞ്ഞു. ശരീരവേദന, പനി, തലവേദന, ശരീരത്തിൽ തടിപ്പുകൾ എന്നിവ ഉണ്ടായാൽ ഉടൻ സമീപത്തുള്ള ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടേണ്ടതാണ്. വേദനസംഹാരി ഗുളികകളുടെ സ്വയം ഉപയോഗം നിർബന്ധമായും ഒഴിവാക്കുക. എലിപ്പനിക്കുള്ള വിദഗ്ദ ചികിത്സ എല്ലാ ഗവൺമെന്റ് ആശുപത്രികളിലും ലഭ്യമാണെന്ന് ഡോ.ജയന്തി പറഞ്ഞു. എലിപ്പനി ബാധിച്ചിരുന്ന ഒരു രോഗി പാണഞ്ചേരി പഞ്ചായത്തിൽ മരണമടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ആശാ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകുന്നത്. മങ്കിപോക്‌സിന്റെ സാധ്യതകളും രാജ്യത്ത് നിലനിൽക്കുന്നതിനാൽ വിദേശത്ത് നിന്ന് വന്നവർക്ക് ചിക്കൻപോക്‌സിന് സമാനമായ കുമിളകളോ കഴലകളോ ശരീരത്തിൽ പ്രത്യക്ഷപ്പെട്ടാൽ ആരോഗ്യ പ്രവർത്തകരെ ഉടൻ വിവരം അറിയിക്കേണ്ടതാണ്. ചിക്കൻപോക്‌സിൽ നിന്നും വ്യത്യസ്ഥമായി മുഖത്തും കൈ വെള്ളകളിലും കുമിളകൾ വരാം. ഇത്തരം ലക്ഷണം ഉള്ളവർ സ്വയം ഐസോലേറ്റ് ചെയ്യേണ്ടതാണെന്നും ഡോക്ടർ അറിയിച്ചു. ഹെൽത്ത് സൂപ്പർവൈസർ ഗോപിനാഥൻ സ്വാഗതവും, പിആർഒ ജെയ്‌സൺ നന്ദിയും പറഞ്ഞു.


0 Comments