വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കൽ: പങ്കാളികളായി പാണഞ്ചേരി പഞ്ചായത്തിലെ ഒളകര കോളനിവാസികളും


പട്ടിക്കാട്. വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന യജ്ഞത്തിൽ പങ്കാളികളായി പാണഞ്ചേരി പഞ്ചായത്തിലെ ഒളകര കോളനിവാസികളും. ഇലക്ഷൻ വിഭാഗത്തിൽ നിന്നുള്ള ടീം ഊരിൽ നേരിട്ട് എത്തി വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് ഉപയോഗിച്ചാണ് വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിച്ചത്. ഒല്ലൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന 82 വോട്ടർമാരാണ് യജ്ഞത്തിൽ പങ്കാളികളായത്. ഒളകര കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി നയിച്ചു. തഹസിൽദാർ ടി ജയശ്രീ, പീച്ചി വില്ലേജ് ഓഫീസർ സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ, താലൂക്ക് വിഭാഗത്തിലെ ജീവനക്കാരാണ് ക്യാമ്പ് നടത്തിയത്. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഓണക്കോടിയും നൽകിയാണ് ഇലക്ഷൻ വിഭാഗത്തിലെ ടീം  ഊരിൽ നിന്ന് മടങ്ങിയത്. ഇരട്ടിപ്പ് ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്  യജ്ഞം നടപ്പിലാക്കുന്നത്. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് എല്ലാ താലൂക്കുകളിലും വില്ലേജ് ഓഫീസുകളിലും ഒരുക്കിയിട്ടുള്ള ഹെൽപ്പ് ഡെസ്‌ക്കിൽ ഇലക്ഷൻ ഐഡി കാർഡ് നമ്പറും ആധാർ നമ്പറും നൽകി അവ പരസ്പരം ബന്ധിപ്പിക്കാം. ബൂത്ത് ലെവൽ ഓഫീസർമാർ നേരിട്ട് വീടുകളിലെത്തിയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വോട്ടർപട്ടിക പുതുക്കൽ, ഇരട്ടിക്കൽ ഒഴിവാക്കൽ, വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കൽ, കള്ളവോട്ട് തടയൽ എന്നീ ലക്ഷ്യങ്ങളോടെയാണ് വോട്ടർമാരുടെ ആധാർ വിവരങ്ങൾ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കുന്നത്. ബൂത്ത് ലെവൽ ഓഫീസറുമായി ബന്ധപ്പെട്ടോ വോട്ടർ ഹെൽപ് ലൈൻ ആപ്പ്, നാഷ്ണൽ വോട്ടേഴ്‌സ് സർവീസസ് പോർട്ടൽ (https://www.nvsp.in/) എന്നിവ വഴിയോ പൊതുജനങ്ങൾക്ക് ഈ യജ്ഞത്തിൽ പങ്കാളികളാകാം.



Post a Comment

0 Comments