തകർന്ന് തരിപ്പണമായി കമ്പനിപ്പടി റോഡ്; മാസങ്ങളായി പ്രദേശവാസികൾ ദുരിതത്തിൽ


കണ്ണാറ. മഴക്കാലം ആരംഭിച്ചതോടെ കമ്പനിപ്പടി മണ്ടൻചിറ റോഡിലൂടെയുള്ള യാത്രക്കാർ ഏറെ ദുരിതത്തിലായി. മാസങ്ങളായി റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട്. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി വെട്ടിപ്പൊളിച്ച റോഡിലെ അറ്റകുറ്റപണികൾ തീർക്കാൻ അധികൃതർ തയ്യാറാകാത്തതും തകർന്ന റോഡ് റീടാറിങ് നടത്താൻ അധികൃതർക്ക് സാധിക്കാത്തതുമാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയത്. ജലവിതരണ പദ്ധതിയുടെ നടത്തിപ്പിനായി വെട്ടിപ്പൊളിച്ച ഭാഗങ്ങൾ കോൺക്രിറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് കരാർ വ്യവസ്ഥ ഉണ്ടെങ്കിലും വാട്ടർ അതോറിറ്റി അധികൃതർ ഇതൊന്നും കണ്ടില്ലെന്ന മട്ടിലാണ്. നിരവധി തവണ അധികൃതരുമായി ബന്ധപ്പെട്ടിരുന്നെന്നും റോഡിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെടുത്തിയിട്ടും അവർ തിരിഞ്ഞു നോക്കിയില്ലെന്നും വാർഡ് മെമ്പർ സുശീല 


രാജൻ പറഞ്ഞു. റോഡ് വെട്ടിപ്പൊളിച്ചതുമൂലം യാത്രാക്ലേശം മാത്രമല്ല പൊടിശല്യവും പ്രദേശത്ത് രൂക്ഷമാണ്. മഴ പെയ്തതോടെ മണ്ണിട്ട് മൂടിയ ഭാഗങ്ങളിൽ വാഹനങ്ങൾ താഴുന്നത് മൂലം ഇരുഭാഗത്തേക്കും വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനും കഴിയാതായി. നിരവധി സ്‌കൂൾ വിദ്യാർത്ഥികൾ സൈക്കിൾ മാർഗവും നടന്നും ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്. വലിയ വാഹനങ്ങൾ കടന്നുവന്നാൽ വശങ്ങളിലേക്ക് മാറി നിൽക്കാൻ പോലും സാധിക്കാത്ത നിലയിലാണ് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ. എത്രയും വേഗം ഇതിനൊരു പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. എന്നാൽ റോഡ് റീടാറിങിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും അടുത്ത സാമ്പത്തിക വർഷത്തിലേ റീടാറിങ് നടത്താൻ സാധിക്കൂ എന്നും വാർഡ് മെമ്പർ അറിയിച്ചു. 



Post a Comment

0 Comments