വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം നിലച്ചതായി പരാതി


പട്ടിക്കാട്. ഒരാഴ്ചയോളമായി പാണഞ്ചേരി പഞ്ചായത്തിലെ പീച്ചി പാണഞ്ചേരി വില്ലേജുകളുടെ പ്രവർത്തനം  നിലച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. സാങ്കേതിക തകരാറുകൾ മൂലം  വില്ലേജ് ഓഫീസുകളിൽ നിന്ന് തങ്ങൾക്ക് കിട്ടേണ്ട  സേവനങ്ങൾ ലഭിക്കുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി. വില്ലേജ് ഓഫീസുകളിലെ കമ്പ്യൂട്ടറും പ്രിന്ററും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തകരാറിലായതാണ് കാരണം.  തകരാറുകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ജില്ലാ ഭരണകൂടത്തിന്  അപേക്ഷ നൽകിയിട്ടുണ്ടെന്ന് വില്ലേജ് ഓഫീസ് അധികൃതർ പറഞ്ഞു. നെറ്റ് വർക്ക് തകരാറുകളും പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. കുട്ടികളുടെ അഡ്മിഷനുമായി ബന്ധപ്പെട്ടും ഭൂമി സംബന്ധമായ രേഖകൾക്കുമായി നിരവധി പേരാണ് രണ്ടു വില്ലേജ് ഓഫീസുകളിലുമായി ദിനംപ്രതി വരുന്നത്. പ്രിന്റർ തകരാറുമൂലം ഇവർക്ക് നൽകുന്ന രേഖകളിൽ ചേർക്കുന്ന വിവരങ്ങൾ വേണ്ട രീതിയിൽ തെളിയാത്തതും അവ്യക്തവും ആകുന്നത്  ജനങ്ങൾക്ക് വിനയാവുകയാണ്.  നാട്ടുകാരുടെ പരാതിയെ തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബാബു തോമസും കെ.പി.ചാക്കോച്ചനും പഞ്ചായത്തംഗം ഷൈജു കുര്യൻ, പി.ജി.ബേബി എന്നിവരും ചേർന്ന് വില്ലേജ് അധികൃതരെ കണ്ട് പ്രതിഷേധം അറിയിച്ചു. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് ഇവർ ആവശ്യപ്പെട്ടു. സർക്കാർ ഓഫീസുകളിൽ നിന്ന് നൽകേണ്ട സേവനങ്ങൾ സമയബന്ധിതമായും വ്യക്തമായും ജനങ്ങളിലേക്ക് എത്തിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ബാബു തോമസ് ആവശ്യപ്പെട്ടു. അധികൃതർ സ്വീകരിക്കുമെങ്കിൽ ഓഫീസിലേക്ക് ആവശ്യമായ പ്രിന്റർ വാങ്ങി നൽകാൻ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Post a Comment

0 Comments