പീച്ചിയിൽ മോഡൽ ഐ.ടി.ഐ: തീരുമാനമായെന്ന് മന്ത്രി കെ. രാജൻ


തിരുവനന്തപുരം. പീച്ചിയിൽ ആധുനിക സൗകര്യങ്ങളോടെ മോഡൽ ഐ.ടി.ഐ ആരംഭിക്കാൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി.കെ രാജൻ അറിയിച്ചു. തൊഴിൽ വകുപ്പിന്റെ കീഴിലാണ് ഐ.ടി.എ ആരംഭിക്കുക. മന്ത്രി കെ.രാജന്റെ ആവശ്യപ്രകാരം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയെ കൂടാതെ റവന്യു മന്ത്രി, തൊഴിൽവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, വനം മന്ത്രി എ.കെ.ശശീന്ദ്രൻ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരും  യോഗത്തിൽ പങ്കെടുത്തു. പീച്ചിയിലെ വില്ലേജ് റിസർവിലുള്ള നാലര ഏക്കർ സ്ഥലത്താണ് മോഡൽ ഐ.ടി.ഐ സ്ഥാപിക്കുക. സ്ഥലം തൊഴിൽ വകുപ്പിന് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി തൃശൂർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. സ്ഥലം കൈമാറിയതിന് ശേഷം കെട്ടിടം നിർമ്മിക്കുന്നതിനുള്ള ഫണ്ട് സർക്കാർ അനുവദിക്കും. അടുത്ത അധ്യയന വർഷം തന്നെ താൽക്കാലികമായി മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, പവർ ഇലക്ട്രീഷ്യൻ എന്നീ നാല് ട്രേഡുകളിൽ ക്ലാസ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതിനുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കേണ്ടത് പാണഞ്ചേരി ഗ്രാമപഞ്ചായത്താണ്. മന്ത്രിമാരെ കൂടാതെ യോ ഗത്തിൽ തൊഴിൽ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മിനി ആന്റണി ഐ.എ.എസ്, പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ബെന്നിച്ചൻ തോമസ്, ജില്ലാ കളക്ടർ ഹരിത വി.കുമാർ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ തുടങ്ങി യവർ പങ്കെടുത്തു.





Post a Comment

0 Comments