പട്ടിക്കാട്: മുടിക്കോട്, കല്ലിടുക്ക് പ്രദേശങ്ങളിൽ അടിപ്പാത നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സർവേയിൽ ഒരെണ്ണം പരാജയപ്പെടുകയും ഒരെണ്ണം വിജയിക്കുകയും ചെയ്തു. തിരക്കേറിയ സമയങ്ങളിൽ 7500ലധികം വാഹനങ്ങൾ ദേശീയപാത മുറിച്ച് കടക്കുന്നുണ്ടെങ്കിൽ മാത്രമേ നിർമ്മാണം പൂർത്തീകരിച്ച ദേശീയപാതകളിൽ പുതിയ അടിപ്പാതകൾ അനുവദിക്കാൻ ദേശീയപാത അതോറിറ്റി തയ്യാറാവുകയുള്ളൂ. എന്നാൽ വാഹനങ്ങളുടെ തിരക്ക്
അറിയാനായി നടത്തിയ സർവേ ഫലം അനുസരിച്ച് ഏഴായിരത്തിലും താഴെ വാഹനങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് കൂടെ കടന്നു പോകുന്നത്. എന്നാൽ ഇതിനു പുറമെ നടത്തിയ സ്‌പോട്ട് സ്പീഡ് ഡാറ്റ സർവേ വിജയിക്കുകയും ചെയ്തു. ഒരു പ്രത്യേക ജങ്ഷനിലൂടെ പോകുന്ന വാഹനങ്ങളുടെയും റോഡ് മുറിച്ചു കടക്കുന്ന വാഹനങ്ങളുടെയും വേഗത നിർണയിക്കുകയും അതുമൂലം അപകടമോ മരണങ്ങളോ സംഭവിക്കാൻ സാധ്യതയുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യുന്ന സർവേയാണ് ഇത്. ദേശീയപാത പ്രോജക്ട് ഡയറക്ടർ ബിബിൻ മധുവിന്റെ നേതൃത്വത്തിലാണ് സർവേ നടത്തിയത്. സർവേ റിപ്പോർട്ട് ഉടൻ ദേശീയപാത അധികൃതർക്ക് കൈമാറും. രണ്ട് സർവേകളിൽ ഏതെങ്കിലും ഒന്ന് വിജയകരമായാൽ അടിപ്പാത അനുവദിക്കാം എന്നാണ് ദേശീയപാത അധികൃതർ അറിയിച്ചിരുന്നത്.



0 Comments