തൊഴിലുറപ്പ് പദ്ധതിയിലെ അനാവശ്യ നിയമ ഭേദഗതി: തൊഴിലാളികൾ കേന്ദ്രസർക്കാരിന് നിവേദനം നൽകി


പട്ടിക്കാട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അനാവശ്യ നിയമ ഭേദഗതികൾ നിർത്തലാക്കി പദ്ധതി മുന്നോട്ടു കൊണ്ടുപോകുവാൻ സർക്കാർ തയ്യാറാകണമെന്ന് കാണിച്ച് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി നിവേദനം തയ്യാറാക്കി പഞ്ചായത്തിന് ഏൽപ്പിച്ചു. പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന പരിപാടിയിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ തൊഴിലുറപ്പ് തൊഴിലാളികളിൽ നിന്ന് നിവേദനം ഏറ്റുവാങ്ങി. നിരവധി പേരുടെ ഉപജീവനമാർഗമായി മുന്നോട്ടു പോയിരുന്ന തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ നടത്തിവരുന്നതെന്നും അതിനെതിരെ ജാതിമത കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഒത്തൊരുമിച്ചാണ് തൊഴിലാളികൾ മുന്നോട്ടുപോകുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. 23 വാർഡുള്ള പഞ്ചായത്തിലെ ജനസംഖ്യ 60000 ആണ്. ഇതിൽ് 6495 പേർ തൊഴിൽ കാർഡ് എടുത്തിട്ടുണ്ട്. ഇവരിൽ 3697 പേർ തൊഴിലുറപ്പ് പണിക്കിറങ്ങുന്നവരും അതിൽ 2896 പേർ സ്ത്രീകളും 523 പേർ പുരുഷന്മാരുമാണ്. ഇതിൽ  60 വയസ്സ് കഴിഞ്ഞ നിരവധിപേരും പദ്ധതിയിൽ പണിയെടുക്കുന്നവർ ആയിട്ടുണ്ട്. ഇതിനിടയിൽ സർക്കാർ ഇടക്കിടെ ഇറക്കുന്ന ഉത്തരവുകൾ തൊഴിലിനെയും തൊഴിലാളികളെയും സാരമായി ബാധിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തിൽ ഒരേ സമയം 20 പ്രദേശങ്ങളിൽ മാത്രമെ തൊഴിൽ ചെയ്യാൻ പാടുള്ളു എന്ന നിയമവും, ഹാജർ രേഖപ്പെടുത്തുന്നതും ജോലി ചെയ്യുന്നതിന്റെ ഫോട്ടോ എടുക്കുന്നതും ഇന്റർനെറ്റിലൂടെ മാത്രമേ ആകാവു എന്നതും തൊഴിലിന് പ്രതിസന്ധി സൃഷ്ടിക്കുന്നതാണെന്ന് നിവേദനത്തിൽ പറയുന്നു. ഈ നിയമങ്ങൾ പിൻവലിച്ച് നെഗറ്റീവ് ലിസ്റ്റിൽ പെടുത്തിയ തൊഴിലുകളെ തിരികെ ഉൾപ്പെടുത്തണമെന്നും, കൂലി 600 രൂ യാക്കണമെന്നും, തൊഴിൽ ദിനങ്ങൾ 200 ആക്കണമെന്നും ഉള്ള തൊഴിലാളികളുടെ ആവശ്യങ്ങളുമാണ് നിവേദനത്തിൽ ഉള്ളത്. ഈ നിവേദനം അംഗീകരിച്ച് ഭരണ സമിതി കേന്ദ്ര സർക്കാരിന് സമർപ്പിക്കും. ഒപ്പം എംപി ടി.എൻ പ്രതാപനും നിവേദനം കൈമാറും. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ് അധ്യക്ഷത വഹിച്ച തൊഴിലാളി സംഗമത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാവിത്രി സദാനന്ദൻ പ്രമേയം വായിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഇ.ടി ജലജൻ, കെ.വി. അനിത, സുബൈദ അബൂബക്കർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments