തെരുവുനായ ശല്യം: പഞ്ചായത്തിൽ മനുഷ്യരക്ഷാസേന രൂപീകരിക്കാൻ തീരുമാനം


പട്ടിക്കാട് : തെരുവുനായ്ക്കളുടെയും പേപ്പട്ടികളുടെയും ശല്യം രൂക്ഷമായ സാഹചര്യത്തിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ അടിയന്തരയോഗം വിളിച്ച് ചേർത്തു. പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. നായ്ക്കൾക്ക് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള പ്രതിരോധ കുത്തിവെപ്പ്, വന്ധീകരണം എന്നീ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുവാൻ തീരുമാനിച്ചു. എന്നാൽ ഭാരിച്ച സാമ്പത്തിക ചിലവും മറ്റു ബുദ്ധിമുട്ടുകൾ ഉള്ളതിനാലും നായ്ക്കൾക്കായുള്ള പ്രത്യേക ഷെൽട്ടർ സംവിധാനം നടപ്പാക്കില്ലെന്നും പി പി രവീന്ദ്രൻ പറഞ്ഞു. മനുഷ്യരക്ഷാ സേനയിലേക്ക് അംഗങ്ങളാകുന്നതിനായി പഞ്ചായത്തിലെ നാല് പ്രധാനപ്പെട്ട പാർട്ടികളിൽ നിന്നും പത്തോളം വളണ്ടിയർമാരെ നൽകാമെന്നും യോഗത്തിൽ പങ്കെടുത്ത പാർട്ടി നേതൃത്വം പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. യജ്ഞത്തിന്റെ ചുമതലയുള്ള നോഡൽ ഓഫീസർ ജയചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ ടി ജലജൻ, പീച്ചി പോലീസ് പി ആർ ഒ ജയേഷ്, പഞ്ചായത്ത് സെക്രട്ടറി ജോൺ, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ രാഷ്ട്രീയ പാർട്ടി നേതാക്കൾ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.



Post a Comment

0 Comments