മണ്ണുത്തി. കേരള കാർഷിക സർവകലാശാലയിൽ മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ പ്രതിമ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് അനാച്ഛാദനം ചെയ്തു. പ്രമുഖ ശില്പി പ്രേംജി നിർമ്മിച്ച സി അച്യുതമേനോന്റെ അർദ്ധകായ പ്രതിമ സർവകലാശാല ഭരണകേന്ദ്രത്തിന് മുമ്പിൽ ആണ് സ്ഥാപിച്ചിട്ടുള്ളത്. ലോകത്തോടൊപ്പം വളരാൻ കേരളത്തെ അച്യുതമേനോൻ പ്രാപ്തരാക്കി എന്നും 1957ൽ കേരളത്തിന്റെ ആദ്യ ധന കൃഷി മന്ത്രി ആയപ്പോൾ തന്നെ കാർഷിക കേരളം എങ്ങനെ രൂപപ്പെടുത്തണമെന്ന ധാരണ അച്യുതമേനോനു ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. റവന്യു മന്ത്രി കെ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുൻ കൃഷി മന്ത്രി വി.എസ് സുനിൽകുമാറും അനാച്ഛാദന ചടങ്ങിൽ പങ്കെടുത്തു. ശിൽപി പ്രേംജിയെ മന്ത്രി പി പ്രസാദ് പൊന്നാട അണിയിച്ചു ആദരിച്ചു. കാർഷിക സർവകലാശാലയുടെ കഴിഞ്ഞ 50 വർഷത്തെ നേട്ടങ്ങൾ സർവകലാശാല വൈസ് ചാൻസലർ ഡോ. സി ചന്ദ്രബാബു തന്റെ സ്വാഗത പ്രസംഗത്തിൽ വിശദമാക്കി. ജില്ലാ പഞ്ചായത്ത് അംഗം പി. എസ്. വിനയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമിനി കൈലാസ്, ഗ്രാമപഞ്ചായത്ത് അംഗം എം. എസ്. സിനോജ് എന്നിവർ ആശംസ അറിയിച്ച ചടങ്ങിൽ സർവകലാശാല രജിസ്ട്രാർ ഡോ. എ. സക്കീർ ഹുസൈൻ നന്ദി പറഞ്ഞു.


0 Comments