പീച്ചി ഓണാഘോഷത്തിന് നാളെ തുടക്കം


പട്ടിക്കാട്. പീച്ചി ഓണാഘോഷ പരിപാടികൾക്ക് നാളെ മൂന്ന് മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയോടെ തുടക്കമാകും. പൊതു സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിക്കും. സെപ്റ്റംബർ 11 വരെയാണ് ആഘോഷ പരിപാടികൾ. സെപ്റ്റംബർ ആറ് ചൊവ്വ കാലാവസ്ഥ വ്യതിയാനവും കാർഷിക മേഖലയും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന കാർഷിക സെമിനാർ രാവിലെ 9.30ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി കെ രാജൻ അധ്യക്ഷത വഹിക്കും. സെപ്റ്റംബർ ഏഴ് ബുധൻ രാവിലെ 10 മുതൽ പവലിയൻ പരിസരത്ത് പൂക്കള മത്സരവും മൂന്ന് മണി മുതൽ വടംവലി മത്സരവും നടത്തും. പീച്ചി പോലീസും തൃതല പഞ്ചായത്ത് പ്രതിനിധികളും പങ്കെടുക്കുന്ന സൗഹൃദ വടംവലി വൈകിട്ട് അഞ്ച് മണി മുതൽ ഉണ്ടാകും. സമാപന സമ്മേളനം ദേവസ്വം, പട്ടികജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും പാണഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. ദീപാലങ്കാരം, കാർണിവൽ, കുട്ടികൾക്കുള്ള റൈഡുകൾ, വിവിധ സ്റ്റാളുകൾ  എന്നിവ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടും. നാടൻ പാട്ടുകളുടെയും കലകളുടെയും അവതരണം, പ്രാദേശിക കലാകാരന്മാരും പ്രൊഫഷണൽ കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ ദിവസവും ഉണ്ടാകും.


Post a Comment

0 Comments