പട്ടിക്കാട്. പാണഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന കണ്ണാറ എയുപി സ്‌കൂളിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സീ രവീന്ദ്രനാഥ് നിർവഹിച്ചു. സമൂഹത്തിന് ആവശ്യമായ ഉന്നതരെ വളർത്തിയെടുത്തത് പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണെന്നും അവിടെ വിദ്യ തേടുന്ന കുട്ടികളും മാതാപിതാക്കളും ഭാഗ്യവാന്മാരാണ് എന്നും ഉദ്ഘാടന പ്രസംഗത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കണ്ണാറ എയുപി സ്‌കൂൾ ഘട്ടം ഘട്ടമായി വളർന്നുകൊണ്ടിരിക്കുന്ന പൊതു വിദ്യാഭ്യാസ സ്ഥാപനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂളിൽ നിന്നും മാറിപ്പോകുന്ന ഡോ. എൻ പി ഷാജു മാസ്റ്ററെ സ്‌കൂൾ മാനേജർ വിൽസൺ ചെമ്പനാൽ ആദരിച്ചു. സ്‌കൂളിലെ നിലവിലെ വിദ്യാർത്ഥിയായിരുന്ന അനഞ്ജയ് കൃഷ്ണയുടെയും പൂർവ്വ വിദ്യാർത്ഥിയായിരുന്ന സിനോയ്യുടെയും വേർപാടിനെ തുടർന്ന് വലിയ ആഘോഷ പരിപാടികൾ എല്ലാം മാറ്റിവച്ചുകൊണ്ടാണ് ചടങ്ങ് മാത്രമായി പരിപാടികൾ സംഘടിപ്പിച്ചതെന്ന് വിൽസൺ ചെമ്പനാൽ പറഞ്ഞു. ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻറ് ജോർജ് തോമസ് ചടങ്ങിൽ മുഖ്യ അതിഥിയായിരുന്നു ഇസാഫിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അറിവ് നൽകുന്ന ഉദ്യാനവും, കായിക സംബന്ധമായ സാഹചര്യവും ഉപകരണങ്ങളും. കുട്ടികൾക്ക് വേണ്ടിയുള്ള മറ്റു പദ്ധതികളും ഇസാഫ് ഒരുക്കി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ എംഎൽഎ ജില്ലാ പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ വലിയ വികസന പദ്ധതികളും സ്‌കൂളിൽ നടപ്പാക്കുന്നുണ്ട്. ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗീസ്, എസ് എസ് ജി കൺവീനർ എംപി സാബു, ചന്ദ്രശേഖരൻ മാസ്റ്റർ, വി.എം രാധാകൃഷ്ണൻ, ജോർജ് പൊടിപ്പാറ, പഞ്ചായത്തംഗം രേഷ്മ സജീഷ്, പിടിഎ പ്രസിഡൻറ് എംപി വർഗീസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments